2047 ഓടെ ഇന്ത്യയെ വികസിത രാജ്യമായി കാണാന്‍ ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നു, സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായക റോള്‍: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും അഭിലാഷമാണെന്നും ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന സംസ്ഥാനങ്ങള്‍ക്ക് ഈ ലക്ഷ്യം കൈവരിക്കുന്നതിന് വലിയ പങ്ക് വഹിക്കാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതി ആയോഗിന്റെ ഒമ്പതാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മോദി.

‘2047 ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമായി കാണാനാണ് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നത്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കും.’- മോദിയെ ഉദ്ധരിച്ച് നീതി ആയോഗ് എക്സില്‍ കുറിച്ചു. ഈ ദശകം സാങ്കേതികവും ഭൗമ-രാഷ്ട്രീയവുമായ മാറ്റങ്ങളുടേതാണ്. അവസരങ്ങളുടെ കൂടിയാണെന്നും മോദി പറഞ്ഞു.

‘ഇന്ത്യ ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും നമ്മുടെ നയങ്ങള്‍ അന്താരാഷ്ട്ര നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമാക്കുകയും വേണം. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള പുരോഗതിയുടെ ചവിട്ടുപടിയാണിത്,’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള പങ്കാളിത്ത ഭരണവും സഹകരണവും പ്രോത്സാഹിപ്പിക്കുക, സര്‍ക്കാര്‍ ഇടപെടലുകളുടെ ഡെലിവറി സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെ ഗ്രാമീണ, നഗര ജനസംഖ്യയുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് യോഗം ലക്ഷ്യമിടുന്നത്. 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റാനാണ് യോഗം ഊന്നല്‍ നല്‍കിയത്.

നീതി ആയോഗിന്റെ പരമോന്നത സമിതിയായ കൗണ്‍സിലില്‍ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരും നിരവധി കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി മോദിയാണ് നിതി ആയോഗിന്റെ ചെയര്‍മാന്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തിന്റെ ശുപാര്‍ശകളും യോഗത്തില്‍ ചര്‍ച്ചയായി.

Be the first to comment

Leave a Reply

Your email address will not be published.


*