കോട്ടയം: ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ കയറാന്‍ അനുവദിക്കണമെന്ന ശിവഗിരി ധര്‍മ സംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണയ്ക്കരുതായിരുന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്. കാലങ്ങളായി നിലനിന്ന് പോകുന്ന ആചാരങ്ങള്‍ മാറ്റണമെന്ന് എന്തിന് പറയുന്നുവെന്ന് സുകുമാരന്‍ നായര്‍ ചോദിച്ചു. മന്നം ജയന്തി ആഘോഷപരിപാടിയില്‍ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ ഷര്‍ട്ട് ധരിച്ചാണ് പോകുന്നത്. ഈ വ്യാഖ്യാനങ്ങളെല്ലാം ഹിന്ദുവിന്റെ പുറത്തുമാത്രമേയുള്ളോ?. ഇന്നത്തെ കാലത്തിന് പറ്റാത്ത കാര്യങ്ങള്‍ മറ്റ് മതങ്ങളും പിന്തുടരുന്നുണ്ട്. അതിനെ വിമര്‍ശിക്കാന്‍ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.
‘ഇന്നലെ വന്ന ഒരു വാര്‍ത്തയാണ്. ക്ഷേത്രത്തില്‍ ഉടുപ്പ് ധരിച്ച് പ്രവേശനം സംബന്ധിച്ചാണ്. സ്വാമി സച്ചിദാനന്ദയെ പിന്തുണച്ച് മുഖ്യമന്ത്രിയെന്നാണ് അത്. അവരെല്ലാം കൂടി തീരുമാനിച്ചു ക്ഷേത്രങ്ങളില്‍ ഉടുപ്പ് ഇടാതെ കയറാമെന്ന്. ഇത് സവര്‍ണരുടെ ആധ്യപത്യമാണെന്ന്. ചിലര്‍ കേട്ടതായി പറയുന്നുണ്ട്. നമ്പൂതിരിയാണോ എന്ന് തിരിച്ചറിയാനാണ് ഈ പൂണുല്‍ ഇടുന്നതെന്ന്. ഈ വ്യാഖ്യാനങ്ങളെല്ലാം ഹിന്ദുവിന്റെ പുറത്തുമാത്രമേയുള്ളോ?. ഇവിടെ ക്രൈസ്തമതവിഭാഗങ്ങളുണ്ട്. അവരുടെ ആചാരമനുസരിച്ച് ഇന്നത്തെ കാലത്തിന് പറ്റാത്ത കാര്യങ്ങള്‍ ഒക്കെയില്ലേ? പക്ഷേ അത് അവരുടെ ആചാരമനുസരിച്ച് ഉള്ളതാണ്. മുസ്ലീം സമുദായത്തിനുണ്ട് അവരുടെ വസ്ത്രധാരണത്തിലായാലും മറ്റുള്ളതിലുമെല്ലാം. ഓരോ നടപടിക്രമങ്ങളുണ്ട്. അതിനെ വിമര്‍ശിക്കാന്‍ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോ. ഇല്ല’
‘അതിനെ സംബന്ധിച്ച് നമുക്ക് പറയാന്‍ അവകാശമുണ്ട്. ഹിന്ദു എന്ന് പറയുന്നത് ഇവര്‍ മാത്രമല്ല. ഒരു സംഘടന ഹിന്ദുമതങ്ങളുടെ പ്രതിനിധി എന്ന നിലയിലാണ് പറയുന്നത്. എന്നിട്ട് ഞങ്ങളുടെ ക്ഷേത്രത്തില്‍ അത് നടപ്പാക്കാന്‍ തീരുമാനിച്ചു എന്നും അവര്‍ പറഞ്ഞു. ഓഹോ നമുക്ക് എന്ത് തര്‍ക്കം. അവരുടെ ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഇട്ട് പോകുന്നതിനെ നമ്മള്‍ എന്തിനാണ് എതിര്‍ക്കാന്‍ പോകുന്നത്. ആ ക്ഷേത്രങ്ങളില്‍ പോകാന്‍ ഏതെങ്കിലും നായരോ മറ്റ് ഇതര സമുദായക്കാരോ പോകുന്നുണ്ടെങ്കില്‍ ഷര്‍ട്ട് ഇട്ടുപോയിക്കോട്ടെ. അതില്‍ പ്രയാസമില്ല. പക്ഷേ കാലാതീതങ്ങളില്‍ നിലനില്‍ക്കുന്ന ആചാരക്രമങ്ങള്‍ മാറ്റാന്‍ പറയാന്‍ ഇവര്‍ ആരാ. ഇത് വിശ്വാസികളുടെ അവകാശമാണ്. മുഖ്യമന്ത്രി അതിനെ പിന്തുണച്ചു. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു.’
ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്. ഉടുപ്പ് ഇട്ട് കയറാന്‍ പറ്റുന്ന ക്ഷേത്രമുണ്ട്. ശബരിമലയില്‍ ഉടുപ്പ് ഇട്ട് കയറാം. ചിലയിടങ്ങളില്‍ അങ്ങനെയല്ല. ഭദ്രകാളി ക്ഷേത്രം മന്നത്തുപത്മനാഭനാണ് എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തത്. അവിടെ എല്ലാവരും ഷര്‍ട്ട് ഇട്ടും ഷര്‍ട്ട് ഇല്ലാതെയും വിശ്വാസം അനുസരിച്ചാണ് കയറുന്നത്. ഓരോ ക്ഷേത്രങ്ങളുടെ ആചാരഘടനയ്ക്ക് വിഘ്‌നം വരാത്ത രീതിയില്‍ പോകാനുള്ള സ്വാതന്ത്ര്യം ഹൈന്ദവസമൂഹത്തില്‍പ്പെട്ടവര്‍ക്ക് ഉണ്ടെന്നതാണ് എന്‍എസ്എസിന്റെ നിലപാട്’- ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
Be the first to comment