ലൈംഗികാതിക്രമാരോപണ പരാതിയില്‍ സിദ്ദിഖിനെതിരെ നിര്‍ണായക തെളിവ്

തിരുവനന്തപുരം : ലൈംഗികാതിക്രമാരോപണ പരാതിയില്‍ സിദ്ദിഖിനെതിരെ നിര്‍ണായക തെളിവ്. താന്‍ ലെെംഗികാതിക്രമത്തിന് ഇരയായെന്ന് നടി ആരോപിക്കുന്ന ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. മസ്‌ക്കറ്റ് ഹോട്ടലില്‍ നിന്നാണ് പോലീസിന് നിര്‍ണായക തെളിവ് ലഭിച്ചത്. 2016 ജനുവരിയിലെ രജിസ്റ്റര്‍ അടക്കമുള്ള രേഖകളാണ് പരിശോധിക്കുന്നത്.

ഹോട്ടലിലെ ജീവനക്കാരുടെ അടക്കം മൊഴികള്‍ രേഖപ്പെടുത്തും. സംഭവം നടന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള സാങ്കേതിക തെളിവുകള്‍ ശേഖരിക്കുന്നത് വെല്ലുവിളിയാണ്. എങ്കിലും നടി ആരോപണത്തില്‍ ഉന്നയിച്ച ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെയുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

എട്ട് വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചു പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. പരാതിയില്‍ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പോലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരുന്നു. ആരോപണത്തില്‍ നടിക്കെതിരെയും സിദ്ദിഖ് പരാതി നല്‍കിയിട്ടുണ്ട്. ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതില്‍ ആവശ്യപ്പെടുന്നത്.

ഡിജിപിക്കാണ് സിദ്ദിഖ് പരാതി നല്‍കിയത്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോള്‍ മാത്രമാണ്. ആരോപണള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യമാണെന്നും പരാതിയില്‍ സിദ്ദിഖ് ആരോപിച്ചിരുന്നു. അതേസമയം സിദ്ദിഖ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷിച്ചേക്കുമെന്നാണ് വിവരം.

Be the first to comment

Leave a Reply

Your email address will not be published.


*