‘രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം; ബിജെപി വിജയം നേടിയത് തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച് ‘; മല്ലികാര്‍ജുന്‍ ഖര്‍ഗെ

രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് അഹമ്മദാബാദ് എഐസിസി സമ്മേളനത്തില്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചാണ് ബിജെപി വിജയം നേടിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നും ഖര്‍ഗെ പറഞ്ഞു

മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് അടക്കം സമീപകാലത്ത് ബിജെപി ജയിച്ച തെരഞ്ഞെടുപ്പില്‍ ഇവിഎം തിരിമറി നടന്നെന്നാണ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും സംശയ നിഴലിലാണെന്ന് ഖര്‍ഗെ പറയുന്നു.

ലോകം മുഴുവന്‍ ബാലറ്റിലേക്ക് മാറുകയാണ്. എന്നാല്‍ നാം ഇപ്പോഴും ഇവിഎം ഉപയോഗിക്കുന്നു. ഇതെല്ലാം തട്ടിപ്പാണ്. അത് തെളിയിക്കാന്‍ അവര്‍ നമ്മോട് ആവശ്യപ്പെടുന്നു. ഭരണകക്ഷിക്ക് ഗുണം ചെയ്യുന്നതും പ്രതിപക്ഷത്തിന് പ്രതികൂലമായി ബാധിക്കുന്നതുമായ തന്ത്രങ്ങളാണ് നിങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത് – ഖര്‍ഗെ പറഞ്ഞു.

രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും വഖഫ് ചര്‍ച്ച രാത്രി വൈകിയും നീട്ടിക്കൊണ്ട് പോയത് ഈ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവിന് സഭയില്‍ സംസാരിക്കാന്‍ പോലും അവസരം നല്‍കുന്നില്ല. സംസ്ഥാന സര്‍ക്കാരുകളുമായുള്ള ബന്ധം എന്നത്തെക്കാളും മോശം. കോണ്‍ഗ്രസ് സര്‍ക്കാരുകളെ പ്രത്യേകിച്ച് അവഗണിച്ചു. ഫണ്ട് നല്‍കുന്നില്ല. ഗവര്‍ണര്‍മാരെ ആയുധമാക്കുന്നു. ബില്ലുകള്‍ക്ക് മേല്‍ അടയിരിക്കുന്ന പരിപാടി ഇനി നടപ്പില്ല. മോദിയുടെ ഒബിസി പ്രേമം വ്യാജം. പാവപ്പെട്ട ഓബിസിക്കാര്‍ക്കായി ഒന്നും ചെയ്യുന്നില്ല. ജാതി സെന്‍സസ് നടത്തം – ഖര്‍ഗെ പറഞ്ഞു.

ഡിസിസികളെ ശാക്തീകരിക്കാനുള്ള നീക്കവും ഖര്‍ഗെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഡിസിസി പ്രസിഡന്‍രുമാരുടെ പങ്കാളിത്തം ഉറപ്പാക്കും. ജയ് വിളിമാത്രമാവരുത് പാര്‍ട്ടി പ്രവര്‍ത്തനം എന്ന് പ്രവര്‍ത്തകരെയും ഖര്‍ഗെ ഓര്‍മിപ്പിച്ചു. പാര്‍ട്ടിക്കായി പണിയെടുക്കാന്‍ കഴിയാത്തവര്‍ സ്വയം ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*