
എക്‌സാലോജിക് കേസ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള ആക്രമണമെന്നും ലക്ഷ്യം മുഖ്യമന്ത്രിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാ നികുതിയും നല്‍കിയാണ് എക്‌സാ ലോജിക് പണം കൈപ്പറ്റിയതെന്നും ബാങ്ക് വഴി നടന്ന സുതാര്യമായ ഇടപാടാണിതെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി നടന്ന ഇടപാടിനെ മുഖ്യമന്ത്രിയുടെ മകള്‍ ആയത് കൊണ്ട് രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് എല്ലാം പരിശോധിച്ച് പ്രോസിക്യൂഷന്‍ ഒഴിവാക്കിയ കേസാണിത്. അവിടെ തീരേണ്ട കേസാണ്. സാധാരണ കേസുകളില്‍, ബന്ധപെട്ടവരോട് വിശദീകരണം തേടാറുണ്ട്. ഇവിടെ അതുണ്ടായിട്ടില്ല. രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പി സി ജോര്‍ജും മകനും ബിജെപിയില്‍ ചേര്‍ന്ന ദിവസമാണ് എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിക്കുന്നത്. അത്രക്ക് നഗ്നമായ രാഷ്ട്രീയ ഇടപെടല്‍ നടത്തിക്കൊണ്ടാണ് ഈ കേസിന് ആയുസ് നീട്ടിക്കൊടുക്കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ ഉണ്ടായത്.
കേന്ദ്ര സര്‍ക്കാരും ബിജെപിയിലേക്ക് ചേര്‍ന്ന ഈ പുത്തന്‍കൂറ്റുകാരും, മാത്യു കുഴല്‍നാടന്‍ എംഎല്‍എയുമെല്ലാം നിരവധി കോടതികളില്‍ കേസ് നല്‍കി. മൂന്ന് വിജിലന്‍സ് കോടതികളും ഈ കേസ് തള്ളി. ഇവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. അവിടെയും പൂര്‍ണമായും നിരാകരിക്കപ്പെട്ടു – എം വി ഗോവിന്ദന്‍ വ്യക്തമാക്കി. എസ്എഫ്‌ഐഒ റിപോര്‍ട്ട് കോടതിയുടെ പരിഗണനയിലാണെന്നും അപ്പോള്‍ ധൃതി പിടിച്ച് കേസിലേക്ക് പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തില്‍ പുതിയ ബിജെപി പ്രസിഡന്റ് കൂടി വന്ന ഘട്ടത്തിലാണ് മാധ്യമങ്ങള്‍ കൂടി ചേര്‍ന്ന് കേസ് പൊലിപ്പിച്ച് എടുക്കുന്നത്. കരുവന്നൂര്‍ കേസ് പോലെ ഈ രാഷ്ട്രീയ ഗൂഢാലോചനയും ആവിയായി മാറും. എല്‍ഡിഎഫിന്റെ ഏറ്റവും പ്രതിഛായയുള്ള നേതാവായ മുഖ്യമന്ത്രിക്ക് എതിരായ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. മാധ്യമങ്ങള്‍ CMRLന്റെ 16 കോടി രൂപയെപറ്റി ഒന്നും മിണ്ടുന്നില്ല. കാശ് വാങ്ങിയെന്ന് സമ്മതിച്ച യുഡിഎഫ് നേതാക്കള്‍ക്ക് എതിരെയും ഒന്നും പറയുന്നില്ല. കോടിയേരിയുടെ മകന്റെ കേസും SFI0 കേസും തമ്മില്‍ താരതമ്യമില്ല. മകന്റെ കേസില്‍ കോടിയേരിയുടെ പേരില്ല. എന്നാല്‍ എസ്എഫ്‌ഐഒ കേസ് മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് വരുന്നതാണ്.രണ്ടും തമ്മില്‍ ഒരു താരതമ്യവുമില്ല- അദ്ദേഹം വ്യക്തമാക്കി.
സിഎംആര്‍എല്ലും എക്‌സാലോജിക്കും തമ്മില്‍ പ്രശ്‌നമില്ലെന്നും കമ്പനികള്‍ക്ക് പ്രശ്‌നമില്ലാത്ത സംഭവത്തില്‍ മറ്റുള്ളവര്‍ക്ക് എന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു. ഇതില്‍ രാഷ്ട്രീയത്തിന് അപ്പുറം ഒന്നും തന്നെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ഉദ്ദേശത്തോടെ വെറുതെ പ്രചരിപ്പിക്കുകയാണ്. അതിനെ എന്തു വന്നാലും നേരിടും. ഇപ്പോള്‍ മാധ്യമങള്‍ നടത്തുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണ് – അദ്ദേഹം വ്യക്തമാക്കി.
Be the first to comment