ശബരിമലയ്ക്കായി പ്രത്യേക ഉത്തരവിറക്കി വ്യോമയാന മന്ത്രാലയം; നെയ്ത്തേങ്ങയുള്ള ഇരുമുടിയുമായി വിമാനത്തിൽ യാത്രചെയ്യാൻ അനുമതി

ന്യൂഡൽഹി: മണ്ഡലകാലം പ്രമാണിച്ച് ശബരിമല തീർത്ഥാടകർക്കായി പ്രത്യേക ഉത്തരവിറക്കി വ്യോമയാന മന്ത്രാലയം. പുതിയ ഉത്തരവ് പ്രകാരം ഭക്‌തര്‍ക്ക് ഇനി ഇരുമുടികെട്ടിൽ കരുതുന്ന നെയ്യ് തേങ്ങ വിമാന ക്യാബിനിൽ സൂക്ഷിക്കാം. വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസാണ് ചട്ടങ്ങളില്‍ പ്രത്യേക ഇളവു വരുത്തി ഉത്തരവിറക്കിയത്.

മണ്ഡല-മകര വിളക്ക് തീർത്ഥാടനം അവസാനിക്കുന്ന 2025 ജനുവരി 20 വരെയാണ് ഇളവ് അനുവദിക്കുകയെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇളവുണ്ടെങ്കിലും എക്‌സ്‌റേ സ്‌ക്രീനിങ്ങ്, ഇറ്റിഡി പരിശോധന തുടങ്ങിയ സുരക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷമേ നാളികേരം വിമാനത്തിനകത്ത് കയറ്റാനാകൂ എന്നും ഉത്തരവിലുണ്ട്.

അയ്യപ്പന്മാരുടെ ഇരുമുടികെട്ടിൽ ഏറ്റവും പ്രധാന്യമുള്ളത് നെയ്‌ത്തേങ്ങയ്‌ക്കാണ്. നെയ്‌ത്തേങ്ങയിലെ നെയ്യ്‌ ഭഗവാന്‌ അഭിഷേകം ചെയ്‌തശേഷം ഒരു മുറി തേങ്ങ പതിനെട്ടാംപടിയുടെ താഴെയുള്ള അഗ്നികുണ്‌ഠത്തിലേക്കെറിയുന്നു. മറ്റൊരു മുറി തേങ്ങ ഭക്‌തർ തിരികെ കൊണ്ടുപോകും. ഇത് വീടുകളിൽ എത്തിച്ച് ഉണ്ണിയപ്പം, മലർ, അവൽ തുടങ്ങിയവക്കൊപ്പം ചേർത്ത് പ്രസാദമാക്കുകയാണ് പതിവ്.

നേരത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിമാനമാർഗ്ഗം ശബരിമലയിലേക്ക് വരുന്നവര്‍ക്ക് അവരുടെ നാട്ടില്‍ നിന്ന് ഇരുമുടിക്കെട്ട് നിറച്ചുകൊണ്ടുവരുന്നത് സാധ്യമായിരുന്നില്ല. ഇതുമൂലം പല ഭക്തരും വിമാനമാർഗം ശബരിമല യാത്ര ഒഴിവാക്കി ട്രെയിൻ അടക്കമുള്ള മാർഗങ്ങളാണ് തിരഞ്ഞെടുത്തിരുന്നത്. പുതിയ തീരുമാനം ഇത്തരം അയ്യപ്പ ഭക്തർക്ക് ഏറെ സഹായകരമാകും. ഇളവ് നിലവിൽ വന്നതോടെ കൂടുതൽ ഭക്തർ വിമാനത്തിൽ യാത്ര ചെയ്യാൻ തയ്യാറായേക്കും. ഇത് വ്യോമയാന മേഖലയ്‌ക്കും ഏറെ ​ഗുണം ചെയ്യും.

 

Be the first to comment

Leave a Reply

Your email address will not be published.


*