അമിതമായ ഉപ്പ് ഉപഭോഗം, കാന്‍സറിന് വരെ കാരണമാകാം

ഉപ്പില്ലെങ്കിൽ കറികൾക്ക് രുചിയുണ്ടാകില്ല, എന്നാൽ കൂടിപ്പോയാൽ കാൻസറിന് വരെ കാരണമായേക്കാം. ഉയർന്ന അളവിലുള്ള ഉപ്പിന്റെ ഉപഭോ​ഗം സ്ഥിരമായാൽ ആമാശയത്തില്‍ അര്‍ബുദത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. അമിതമായ ഉപ്പ് ഉപഭോ​ഗം ആമാശയ പാളിയെ നശിപ്പിക്കുകയും ഹെലിക്കോബാക്റ്റർ പൈലോറി (എച്ച്. പൈലോറി) എന്ന ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് വയറ്റിലെ കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഉപ്പ് ധാരാളം അടങ്ങിയ അച്ചാറും ഉണക്കമീനും പാക്കറ്റ് സ്നാക്കുകളുമൊക്കെ പതിവാക്കുന്നത് വയറ്റിലെ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നതാണ്. അപകട സാധ്യത മനസിലാക്കുകയും മുൻകരുതൽ സ്വീകരിക്കുകയും ചെയ്യുന്നതാണ് കാൻസർ സാധ്യത കുറയ്ക്കാനുള്ള പ്രധാന മാർ​ഗം. ജനിതമായി കാന്‍സര്‍ സാധ്യതയുള്ളവരോ നിലവില്‍ ദഹനനാള പ്രശ്നങ്ങളോ ഉള്ള ആളുകൾക്ക്, അമിതമായ ഉപ്പ് കഴിക്കുന്നത് രോഗസാധ്യത ഇരട്ടിയാക്കും.

എങ്ങനെയാണ് ഉപ്പ് നേരിട്ട് ആമാശയത്തെ ബാധിക്കുന്നത്

ആമാശയ പാളിയിൽ പ്രകോപനം ഉണ്ടാകാം

അമിതമായ ഉപ്പ് ഉപഭോ​ഗം ആമാശയത്തിലം സംരക്ഷിത പാളിയെ നശിപ്പിക്കുന്നു. ഇത് കാലക്രമേണ വിട്ടുമാറാത്ത വീക്കത്തിനും കോശനാശത്തിനും കാരണമാകും. ഇത് കാൻസർ സാധ്യത വർധിപ്പിക്കും.

എച്ച്. പൈലോറി അണുബാധ

ഉയർന്ന ഉപ്പിന്റെ ഉപഭോ​ഗം ഹെലിക്കോബാക്റ്റർ പൈലോറി എന്ന ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. അത് അൾസറിന് കാരണമാവുകയും വയറ്റിൽ കാൻസറിലേക്ക് നയിക്കുകയും ചെയ്യാം.

നൈട്രേറ്റുകളും നൈട്രൈറ്റുകളും

ഉപ്പിലിട്ട അച്ചാർ, ഉണക്കമീൻ തുടങ്ങിയ ഭക്ഷണങ്ങളിൽ നൈട്രേറ്റുകളും നൈട്രൈറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിലെ ആസിഡുമായി സംയോജിക്കുകയും അർബുദകാരികളായ സംയുക്തങ്ങളായി മാറും.

പ്രതിരോധശേഷി ദുർബലപ്പെടുത്തുന്നു

ഉപ്പ് പ്രോസ്റ്റാഗ്ലാൻഡിനുകളുടെ ഉത്പാദനം കുറയ്ക്കുന്നു. ഇത് ആമാശയ പാളിയെ ദോഷകരമായ വസ്തുക്കളിൽ നിന്ന് സംരക്ഷിക്കുന്ന സംയുക്തങ്ങളാണ്.

ഓക്സിഡേറ്റീവ് സ്ട്രെസ്

അമിതമായ ഉപ്പിന്റെ ഉപഭോ​ഗം ആമാശയത്തിൽ ഫ്രീ റാഡിക്കലുകളെ ഉത്പാദിപ്പിക്കും. ഇത് ഡിഎൻഎ നാശത്തിലേക്ക് നയിക്കുകയും കാൻസർ മ്യൂട്ടേഷനുകൾക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

കുടൽ സൂക്ഷ്മാണുക്കളെ നശിപ്പിക്കും

അമിതമായി ഉപ്പ് കഴിക്കുന്നത് കുടൽ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ മാറ്റിമറിച്ചേക്കാം. ഇത് ആമാശയത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും.

 

Be the first to comment

Leave a Reply

Your email address will not be published.


*