ഉപയോക്തൃ വിവര കൈമാറ്റം; മെറ്റയ്ക്ക് 130 കോടി ഡോളർ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

ഉപയോക്തൃ വിവരങ്ങള്‍ തെറ്റായി കൈകാര്യം ചെയ്തതിന് ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റയ്ക്ക് 130 കോടി ഡോളര്‍ പിഴ ചുമത്തി അയര്‍ലണ്ട് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണർ. യൂറോപ്യന്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായും ഉപയോക്തൃ ഡാറ്റ അമേരിക്കയിലേക്ക് കൈമാറിയതിനുമാണ് നടപടി. ഫേസ്ബുക്ക് ഡാറ്റാ കൈമാറ്റം നിർത്തിവയ്ക്കാൻ മെറ്റയ്ക്ക് അഞ്ച് മാസത്തെ സമയം നൽകിയിട്ടുണ്ട്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മെറ്റ അറിയിച്ചു.

ഫേസ്ബുക്ക് ഉപയോക്തൃ വിവരങ്ങള്‍ കൈമാറുന്നതിന്റെ അപകട സാധ്യതകള്‍ ചൂണ്ടികാട്ടി ഓസ്ട്രിയന്‍ പൗരനായ മാക്‌സ് ഷ്രെംസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമനടപടി. ഡാറ്റാ കൈമാറ്റം വ്യക്തിസ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും ഹനിക്കുന്നതാണെന്ന് ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ പറഞ്ഞു. അതേസമയം, മെറ്റയുടെ മറ്റ് പ്രധാന പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റാഗ്രാം, വാട്സ് ആപ്പ് എന്നിവയിലെ ഡാറ്റാ കൈമാറ്റത്തെ വിധി ബാധിക്കില്ല. യൂറോപ്യൻ യൂണിയൻ യൂസർ ഡാറ്റ അമേരിക്കയിലേക്ക് കൈമാറുന്നത് തുടരുന്നതിലൂടെ 2018 ല്‍ നിലവില്‍ വന്ന ജിഡിപിആര്‍ നിയമങ്ങള്‍ മെറ്റ ലംഘിച്ചുവെന്ന് ഡിപിസി പറയുന്നു.

സ്വകാര്യതയുമായി ബന്ധപ്പെട്ട് യൂറോപ്പ് ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്. 2021-ൽ ആമസോണിന് 746 ദശലക്ഷം യൂറോ യൂറോപ്യൻ യൂണിയൻ പിഴ ചുമത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*