മയക്കു മരുന്ന് വേട്ട: എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിൻ്റെ പിടിയിൽ

വൈക്കം: ഓണാഘോഷം കൊഴുപ്പിക്കാൻ സിന്തറ്റിക് മയക്കുമരുന്ന് വിതരണത്തിന് എത്തിച്ച യുവാവിനെ എക്സൈസ് സംഘം പിടികൂടി. മുളന്തുരുത്തി കാരിക്കോട് പാലിയപ്പനം വീട്ടിൽ ബേസിൽ സാജു(21)വിനെയാണ് 256 മില്ലിഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 

യുവാക്കൾക്ക് വിതരണം ചെയ്യാനായി എറണാകുളത്തു നിന്നും വൈക്കത്തേക്ക് കൊണ്ടുവന്ന അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ യുമായി എത്തിയ സാജുവിനെ കോട്ടയം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും വൈക്കം എക്സൈസ് റേഞ്ചും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഓണാഘോഷങ്ങൾക്ക് വൈക്കം മേഖലയിലേക്ക് ലഹരി വസ്തുക്കൾ കൊണ്ടുവരുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഓണത്തോടനുബന്ധിച്ച് ലഹരി ഉപയോഗം വർധിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് വൈക്കത്തും സമീപ പ്രദേശങ്ങളിലും നിരീക്ഷണങ്ങളും പരിശോധനകളും ശക്തമാക്കിയതായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എസ്. സുജിത്ത് അറിയിച്ചു. റെയ്ഡിലും പരിശോധനയിലും ഐബി ഉദ്യോഗസ്ഥരായ മേഘനാഥൻ, ജ്യോതി, രഞ്ജിത്ത് നന്ത്യാട്ട്, ബിജു, വൈക്കം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജി രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജോജോ, അനൂപ് വിജയൻ, അജു ജോസഫ്, സതീഷ് ചന്ദ്ര, നോബി, സിബി, എക്സൈസ് ഡ്രൈവർ സാജു എന്നിവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*