കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ എക്‌സിക്യൂട്ടീവ് എൻജിനീയർ പിടിയിൽ. പത്തനംതിട്ട നിരണം സ്വദേശി കെ കെ സോമനെയാണ് വിജിലൻസ് എസ് പി വി ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
എറണാകുളം സ്വദേശിയായ കരാറുകാരനിൽ നിന്നും കെട്ടിടത്തിന്റെ സ്‌കീം അപ്രൂവലിനായി കൈക്കൂലി കണക്കു പറഞ്ഞു വാങ്ങുമ്പോഴാണ് ഇയാൾ വിജിലൻസിന്റെ പിടിയിലായത്. കോട്ടയത്തെ ഒരു കെട്ടിടത്തിന്റെ സ്‌കീം അപ്രൂവലിനായാണ് എറണാകുളം സ്വദേശിയായ കരാറുകാരൻ കോട്ടയം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഓഫിസിൽ എത്തിയത്. അനുമതി നൽകുന്നതിന് സോമൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു മാർഗവുമില്ലാതെ വന്നതോടെ ഇദ്ദേഹം ആദ്യം പതിനായിരം രൂപ കൈക്കൂലിയായി നൽകി.
പണം നൽകിയ ശേഷവും കൈക്കൂലി ആവശ്യപ്പെട്ട് ഫോൺ വിളി തുടർന്നതോടെയാണ് കരാറുകാരൻ പരാതിയുമായി വിജിലൻസിനെ സമീപിച്ചത്. ബുധനാഴ്ച രാവിലെ 11.30 ന് ഓഫിസിലെത്തിയ കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു.
വിജിലൻസ് എസ് പി വി ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനെപ്പറ്റി പ്രാഥമിക അന്വേഷണം നടത്തി. ഈ അന്വേഷണത്തിൽ ഉദ്യോഗസ്ഥൻ നടത്തുന്നത് ഗുരുതരമായ ക്രമക്കേടുകൾ ആണെന്നും വൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും കണ്ടെത്തി. തുടർന്ന് ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ നീക്കം ആരംഭിക്കുകയായിരുന്നു.
Be the first to comment