ന​ഗരങ്ങളിൽ രണ്ടു സെന്റ് വരെയുള്ള ഭൂമിയിലെ വീടുകൾക്ക് ഇളവ്; റോഡിൽ നിന്നും ഒരു മീറ്റർ വിട്ട് നിർമ്മിക്കാം; മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ന​ഗരങ്ങളിൽ രണ്ടു സെന്റ് വരെയുള്ള ഭൂമിയിൽ നിർമ്മിക്കുന്ന ചെറിയ വീടുകൾക്ക് നിബന്ധനകളിൽ ഇളവ്. കോർപ്പറേഷൻ, മുൻസിപ്പൽ അതിർത്തിക്കുള്ളിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ 3 മീറ്റർ വരെയുള്ള വഴിയാണെങ്കിൽ, ഫ്രണ്ട് യാർഡ് സെറ്റ് ബാക്ക് ( വഴിയുടെ അതിർത്തിയിൽ നിന്നും വിടേണ്ട ഭൂമിയുടെ അളവ്) ഒരു മീറ്റർ ആയി കുറച്ചുകൊണ്ട് ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

താമസ ആവശ്യത്തിനു അനുയോജ്യമായ വേറെ ഭൂമി ഇല്ലാത്ത കുടുംബങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഈ ഇളവ് അനുവദിക്കുക. മൂന്നു മീറ്റർ വരെ വീതിയുള്ള ഇടറോഡുകളുടെ അരികിലുള്ള ഭൂമിയിലാണ് പുതിയ ഇളവ് ബാധകമാകുക. തിരുവനന്തപുരം കോർപ്പറേഷൻ അദാലത്തിൽ പരാതിയുമായി എത്തിയ നേമം സ്വദേശികളായ നാഗരാജന്റെയും മണിയമ്മയുടേയും പരാതി തീർപ്പാക്കിക്കൊണ്ടാണ് നിർണായക നിർദേശം മന്ത്രി നൽകിയത്.

നിലവിൽ വലിയ പ്ലോട്ടുകൾക്ക് രണ്ടു മീറ്ററും, മൂന്നു സെന്റിൽ താഴെയുള്ള പ്ലോട്ടുകൾക്ക് 1.8 മീറ്ററും ആയിരുന്നു റോഡിൽ നിന്നും വിടേണ്ടിയിരുന്നത്.കെഎംബിആർ 2019 റൂൾ 26(4), 28(3) ഭേദഗതി വരുത്തി ഇളവ് നൽകാനാണ് തീരുമാനമെടുത്തത്. സംസ്ഥാനത്തെമ്പാടും ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഗുണകരമാവുന്ന തീരുമാനമാണ് ഇതെന്ന് മന്ത്രി പറഞ്ഞു. നഗരങ്ങളിലെ ചെറിയ പ്ലോട്ടുകളിൽ താമസത്തിനായി ചെറിയ വീട് നിർമ്മിച്ച് ഇനിയും വീട് നമ്പർ ലഭിക്കാത്തവർക്ക് ഈ ചട്ടഭേദഗതി ഗുണകരമാകും.

Be the first to comment

Leave a Reply

Your email address will not be published.


*