പച്ചമാങ്ങ മുതല്‍ ബിരിയാണിയോട് വരെയുള്ള കൊതി; ​ഗർഭിണികളിലെ ഈ ഭക്ഷണത്തോടുള്ള ആസക്തിക്ക് പിന്നിൽ എന്താണ്?

ഗർഭകാലത്ത് സ്ത്രീകൾക്ക് ചില ഭക്ഷണങ്ങളോട് ഒരു കൊതിയുണ്ടാവുക വളരെ സാധാരണമായ കാര്യമായാണ് കണക്കാക്കാറുള്ളത്. എരിവും പുളിയും മുതൽ മധുരത്തോടും വറുത്ത ഭക്ഷണങ്ങളോടും വരെ അത്തരത്തിൽ ഒരു ആസക്തിയുണ്ടാകാം. ചിലപ്പോൾ ഇതുവരെ ഭക്ഷണക്രമത്തിന്‍റെ ഭാ​ഗമല്ലാത്തവയോട് വരെ ​ഗർഭിണികൾക്ക് ആസക്തിയുണ്ടാകാറുണ്ട്. ഇതിന്റെ കാരണമെന്താണെന്ന് അറിയാമോ?

ഹോർമോൺ വ്യതിയാനങ്ങൾ, പോഷകക്കുറവ്, സമ്മർദ്ദം പോലെ ​ഗർഭകാലത്തുണ്ടാകുന്ന വൈകാരിക ഘടകങ്ങൾ എന്നിങ്ങനെ മൂന്ന് പ്രധാനപ്പെട്ട കാരണങ്ങളാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ​ഗർഭകാലത്തെ ഈ ആസക്തി ​കുഞ്ഞിന്റെ വളർച്ചയ്ക്കോ ആരോ​ഗ്യകരമായ ​ഗർഭധാരണത്തിനോ ആവശ്യമാണെന്ന് ഇതുവരെ പഠനങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ​ഗർഭിണികൾക്ക് ആസക്തിയുണ്ടാക്കുന്ന മിക്ക ഭക്ഷണങ്ങളും പോഷക​ഗുണമില്ലാത്തതായിരിക്കുമെന്നും വി​ദ​ഗ്ധർ പറയുന്നു.

സാധാരണ​ഗതിയിൽ ഗർഭിണിയായിരിക്കുമ്പോള്‍ നാല് അല്ലെങ്കിൽ ആറാം ആഴ്ച മുതൽ പ്രസവം വരെ ഭക്ഷണത്തോടുള്ള കൊതി തുടരാം. ​ഗർഭകാലത്തെ 13 മുതൽ 27 ആഴ്ച വരെയുള്ള സമയത്താണ് ​ഗർഭിണികളിൽ ഇത്തരത്തിൽ ഭക്ഷണത്തോടുള്ള ആസക്തി ഏറ്റവും കൂടുതൽ കണ്ടുവരുന്നത്.

ഹോർ‌മോൺ വ്യതിയാനം

ഗർഭാവസ്ഥയിൽ ശരീരത്തിലെ ഹോർമോണുകൾക്ക് വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകൾ സംഭവിക്കാറുണ്ട്. പ്രത്യേകിച്ച് ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ ഹോർമോണുകളുടെ അളവിൽ. ഇത് രുചിയുടെയും മണത്തിന്‍റെയും ഇന്ദ്രിയങ്ങളെ ബാധിക്കുകയും ചില ഭക്ഷണങ്ങളോട് ആസക്തി ഉണ്ടാക്കുകയും ചെയ്യുന്നു.

പോഷകക്കുറവ്

കൂടാതെ, ശരീരത്തിൽ ഇരുമ്പ് അല്ലെങ്കിൽ കാൽസ്യം പോലുള്ള പോഷകങ്ങളുടെ കുറവും ​ഗർഭിണികളിൽ ഭക്ഷണത്തോടുള്ള ആസക്തിയുണ്ടാക്കാം. പോഷകക്കുറവിനെ തുടർന്ന് ചിലർക്ക് ഭക്ഷണത്തിന് പുറമേ ചോക്ക്, പേപ്പർ പോലുള്ള ഭക്ഷണേതര വസ്തുക്കളോടും കൊതിയുണ്ടാകാം. ഇതിനെ പിക്ക എന്ന് വിളിക്കുന്നു.

വൈകാരിക ഘടകങ്ങൾ

സമ്മർദം പോലുള്ള വൈകാരിക ഘടകങ്ങളും ചിലർക്ക് ഭക്ഷണത്തോട് ആസക്തിയുണ്ടാക്കാം. ഗര്‍ഭാവസ്ഥയില്‍ കുടുംബം, ജോലി എന്നിവയെ തുടര്‍ന്നുണ്ടാകുന്ന സമ്മര്‍ദം പലപ്പോഴും ഭക്ഷണത്തോടുള്ള ആസക്തി കൂട്ടിയേക്കാം. ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ അവരുടെ സന്തോഷം നിലനിർത്താൻ മറ്റുള്ളവരെ ആശ്രയിക്കുന്നതിന് പകരം സ്വന്തം വൈകാരിക ശക്തി വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

ഗര്‍ഭാവസ്ഥയില്‍ ആഗ്രഹം തോന്നുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ പോഷകസമൃദ്ധമായ ഭക്ഷണത്തിന്‍റെ ആവശ്യകതയെ അനാരോഗ്യകരമായ ആസക്തികള്‍കൊണ്ട് കീഴടക്കാന്‍ പാടില്ല. ആരോഗ്യകരമല്ലാത്ത ഭക്ഷണത്തോടുള്ള ആസക്തി ശ്രദ്ധപൂര്‍വം മിതപ്പെടുത്താം.

ഭക്ഷണത്തോടുള്ള ആസക്തി എങ്ങനെ കൈകാര്യം ചെയ്യാം

പോഷകാഹാരം നിലനിർത്തുക: ആസക്തിയുടെ തീവ്രത കുറയ്ക്കാൻ സമീകൃതവും പോഷകങ്ങൾ അടങ്ങിയതുമായ ഭക്ഷണം ഡയറ്റില്‍ കൃത്യമായും തുടര്‍ച്ചയായും ഉള്‍പ്പെടുത്തുക.

ആരോഗ്യകരമായ മറ്റ്മാർഗങ്ങൾ: മധുരമുള്ളതോ കൊഴുപ്പടങ്ങിയതോ ആയ ഭക്ഷണങ്ങൾ കഴിക്കാൻ ആഗ്രഹമുണ്ടാകുമ്പോള്‍ പഴങ്ങള്‍, മുഴുവൻ ധാന്യ ലഘുഭക്ഷണങ്ങള്‍ പോലുള്ള ആരോഗ്യകരമായ ഭക്ഷണക്രമങ്ങള്‍ ഉള്‍പ്പെടുത്താം.

നന്നായി വെള്ളം കുടിക്കുക: നിര്‍ജ്ജലീകരണത്തെയും വിശപ്പായി തെറ്റുദ്ധരിക്കാം. അതിനാല്‍ വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കുക.

മനസുനിറഞ്ഞു ഭക്ഷണം കഴിക്കാം: സമ്മര്‍ദത്തെ തുടര്‍ന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ മനസു നിറഞ്ഞു ഭക്ഷണം കഴിക്കുന്നത് ശീലിക്കാം. ഇത് ഭക്ഷണത്തെ ഇഷ്ടപ്പെടാനും അമിതമായി കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും.

സപ്ലിമെൻ്റുകൾ പരിഗണിക്കുകപോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഇരുമ്പ്, കാൽസ്യം, പ്രസവത്തിന് മുന്‍പുള്ള വിറ്റാമിനുകൾ എന്നിവയ്ക്കായി ഒരു വിദഗ്ധനെ സമീപിച്ച് കഴിക്കാം.

 

 

Be the first to comment

Leave a Reply

Your email address will not be published.


*