യുവാക്കള്‍ക്കിടയില്‍ സ്ട്രോക്ക് കേസുകള്‍ വര്‍ധിക്കുന്നു

യുവാക്കള്‍ക്കിടയില്‍ പക്ഷാഘാതമുണ്ടാകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. ഉയർന്ന മദ്യപാനം യുവാക്കളിൽ സ്ട്രോക്ക് വരാനുള്ള സാധ്യത 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. മദ്യം തലച്ചോറിലെ ന്യൂറോണുകൾ തമ്മിലുള്ള സ്വാഭാവിക ബന്ധത്തെ തടസ്സപ്പെടുത്തും. ഇത് തലച്ചോറിൻ്റെ പ്രവർത്തനം മന്ദ​ഗതിയിലാക്കാനും രക്തസമ്മർദ്ദം, രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ എന്നിവ വർധിപ്പിക്കാനും കാരണമാകുന്നു. ഇത് തലച്ചോറിലേക്കുള്ള ഓക്സിജൻ വഹിച്ചുകൊണ്ടുള്ള രക്ത വിതരണം തടയുന്നതിലൂടെ രക്തപ്രവാഹത്തിനും പക്ഷാഘാതത്തിലേക്കും നയിക്കുന്നു.

ഉയര്‍ന്ന അല്ലെങ്കില്‍ മിതമായ മദ്യപാദം സ്‌ട്രോക്ക് വരാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് 2022 ഇന്റര്‍സ്‌ട്രോക്ക് പഠനത്തില്‍ പറയുന്നു. പൊണ്ണത്തടി, പ്രമേഹം, സമ്മര്‍ദം, ഉറക്കമില്ലായ്മ, അനാരോഗ്യകരമായ ഡയറ്റ് എന്നിവയ്ക്ക് പുറമെ മദ്യപാനവും പുകയില ഉപയോ​ഗവും പക്ഷാഘാത സാധ്യത വർധിപ്പിക്കുന്ന മറ്റ് രണ്ട് പ്രധാന ഘടകങ്ങളാണ്. മദ്യപാനത്തിന് ദീര്‍ഘകാല ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

തലച്ചോറിനേല്‍ക്കുന്ന അറ്റാക്ക് ആണ് സ്‌ട്രോക്ക്. തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കാരണത്താല്‍ തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാവുന്നത്. പക്ഷാഘാതം മൂലമുള്ള മരണങ്ങൾ 2020-ൽ 6.6 ദശലക്ഷത്തിൽ നിന്ന് 2050-ഓടെ 9.7 ദശലക്ഷമായി ഉയരുമെന്ന് അടുത്തിടെ പുറത്തിറക്കിയ ലാൻസെറ്റ് പഠനം വ്യക്തമാക്കുന്നു. 2050 ഓടെ പക്ഷാഘാതം മൂലമുണ്ടാകുന്ന മരണം പ്രതിവർഷം 10 ദശലക്ഷമായും ഉയരാം.

ആഴ്ചയിൽ ഒരിക്കലല്ലേ എന്ന് ഓർത്ത് ഇടയ്ക്കുള്ള അമിതമായ മദ്യപാനമാണ് ഏറെ ദോഷം ചെയ്യുന്നതെന്നും ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇത് ശരീരത്തിൽ പെട്ടെന്ന് നിർജ്ജലീകരണം ഉണ്ടാക്കുന്നു. ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. മദ്യം ഒരു തുള്ളി ആണെങ്കിൽ പോലും അത് ആരോ​ഗ്യത്തിന് ഹാനികരമാണ്. മദ്യപാനം ഒഴിവാക്കുന്നത് യുവാക്കളിൽ സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നതിന് നിർണായകമാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*