‘കോവിഡിനേക്കാള്‍ 100 മടങ്ങ് പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യത’; പക്ഷിപ്പനി മുന്നറിയിപ്പുമായി വിദഗ്ധര്‍

കോവിഡിനേക്കാള്‍ 100 മടങ്ങ് പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പക്ഷപ്പനി മുന്നറിയിപ്പുമായി വിദഗ്ധര്‍. രോഗം ബാധിക്കുന്നവരില്‍ 50 ശതമാനം പേരും മരണപ്പെടാന്‍ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തല്‍. എച്ച്5എന്‍1 (H5N1) സ്ട്രെയിനില്‍ വരുന്ന പക്ഷിപ്പനിയെക്കുറിച്ചുള്ള ഗവേഷകരുടെ ചർച്ചയിലാണ് ആശങ്ക ഉയർന്നുവന്നത്. ആഗോള മഹാമാരിക്ക് കാരണമാകുന്ന സ്ഥിതിയിലേക്ക് വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണെന്നണ്  റിപ്പോർട്ട്.

എച്ച്5എന്‍1 മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസ്തനികളെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് പിറ്റ്‌സ്‌ബർഗ് ആസ്ഥാനമായുള്ള പക്ഷിപ്പനി ഗവേഷകനായ ഡോ. സുരേഷ് കുച്ചിപുഡി ചർച്ചയില്‍ വ്യക്തമാക്കി. “ഇനി വരാനിരിക്കുന്ന ഒരു വൈറസിനെക്കുറിച്ചല്ല നമ്മള്‍ സംസാരിക്കുന്നത്. നിലവില്‍ ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഒന്നിനെക്കുറിച്ചാണ്. വൈറസ് ഇപ്പോഴും പടർന്നുകൊണ്ടിരിക്കുകയാണ്. നമ്മള്‍ തയാറെടുപ്പുകള്‍ നടത്തേണ്ട സമയം എത്തിയിരിക്കുന്നു,” സുരേഷ് കൂട്ടിച്ചേർത്തു.

എന്താണ് എച്ച്5എന്‍1?

പക്ഷിപ്പനി വൈറസായ ഏവിയന്‍ ഇന്‍ഫ്ലുവെന്‍സയുടെ ഒരു ഉപവിഭാഗമാണ് എച്ച്5എന്‍1 എന്നാണ് ലൈവ് സയന്‍സിൻ്റെ റിപ്പോർട്ട് പറയുന്നത്. വളരെ മാരകശേഷിയുള്ള വൈറസായാണ് എച്ച്5എന്‍1 നെ കണക്കാക്കുന്നത്. പ്രധാനമായും ഇത് പക്ഷികളെ ബാധിക്കുന്ന ഒന്നാണ്. മനുഷ്യർ ഉള്‍പ്പെടെയുള്ള സസ്തിനികളെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും കണ്ടെത്തലുണ്ട്. പക്ഷികളല്ലാത്തവയില്‍ ബാധിക്കുമ്പോള്‍ രോഗം ഗുരുതരമാകാനും മരണം സംഭവിക്കാനും സാധ്യതയുണ്ട്. 1996ല്‍ ചൈനയിലെ പക്ഷികളാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. ഒരു വർഷത്തിന് ശേഷം ഹോങ് കോങ്ങിലും റിപ്പോർട്ട് ചെയ്തു. 18 മനുഷ്യരില്‍ വൈറസ് സാന്നിധ്യം ഉണ്ടാകുകയും ആറ് പേർ മരിക്കുകയും ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*