പൊതുപ്രവർത്തകനെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രത ഉണ്ടായില്ല; കെ.ജി ജോർജ് വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് കെ. സുധാകരൻ

സംവിധായകൻ കെ.ജി ജോർജിന്റെ വിയോഗത്തിൽ ആളുമാറി അനുശോചിച്ചതിൽ ഖേദം പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. നല്ലൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ നേതാവുമായിരുന്നു അദ്ദേഹം എന്നായിരുന്നു കെ.ജി ജോർജിന്റെ മരണം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സുധാകരൻ നൽകിയ മറുപടി. ഇത് സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. തുടർന്നാണ് പ്രതികരണവുമായി സുധാകരൻ എത്തിയത്.

കെ.ജി ജോർജ് ആണ് വിട പറഞ്ഞതെന്ന് ചോദ്യത്തിൽ നിന്ന് മനസ്സിലായിരുന്നില്ലെന്നും സമാനപേരിലുളള പഴയകാല സഹപ്രവർത്തകനാണ് മനസ്സിൽ വന്നതെന്നും സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പൊതുപ്രവർത്തകനെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തിൽ ഉണ്ടായില്ല. വീഴ്ചകളിൽ ന്യായീകരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെ സംസ്കാരമല്ല. അതുകൊണ്ടുതന്നെ എന്റെ പ്രതികരണത്തിലെ അനൗചിത്യത്തിൽ എന്റെ പാർട്ടിയുടെ പ്രിയപ്പെട്ട പ്രവർത്തകർക്കും കെ.ജി ജോർജിനെ സ്നേഹിക്കുന്നവർക്കും ഉണ്ടായ മനോവിഷമത്തിൽ ഞാൻ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നെന്നും സുധാകരൻ പറഞ്ഞു. എണ്ണം പറഞ്ഞ കലാസൃഷ്ടികൾ കൊണ്ട് മലയാള സിനിമാ ചരിത്രത്തിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച കെ.ജി ജോർജിന് ആദരാഞ്ജലികൾ അർപ്പിക്കുന്നെന്ന് പറഞ്ഞാണ്  സുധാകരൻ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*