അതിതീവ്രമഴ അഞ്ചു വര്‍ഷത്തിനിടെ ഇരട്ടിയായി; കഴിഞ്ഞ മാസം പെയ്തത് ശരാശരിയേക്കാള്‍ 9 ശതമാനം കൂടുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് അതിതീവ്രമഴ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇരട്ടിയായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ വര്‍ഷം ജൂലൈയിലുണ്ടായ അതി തീവ്രമഴ കഴിഞ്ഞ അഞ്ചുവര്‍ഷം മുമ്പ് ജൂലൈയില്‍ പെയ്തതിനേക്കാള്‍ രണ്ടു മടങ്ങ് കൂടുതലാണ്. ഓഗസ്റ്റില്‍ രാജ്യത്തിന്റെ മിക്ക ഭാഗത്തും സാധാരണയോ അതില്‍ കൂടുതലോ മഴ ഉണ്ടാകാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.

കേരളത്തിന് പുറമെ, മുംബൈ, പൂനെ, സൂറത്ത്, പാന്‍ജിം എന്നിവിടങ്ങളിലാണ് കഴിഞ്ഞ മാസം അതിതീവ്ര മഴ പെയ്തത്. ജൂലൈ മാസത്തില്‍ ഇന്ത്യയില്‍ മൊത്തത്തില്‍ പെയ്ത മഴ ദീര്‍ഘകാല ശരാശരിയേക്കാള്‍ 9 ശതമാനം കൂടുതലാണെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.

പസഫിക് സമുദ്രത്തിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ഉണ്ടാകുന്ന താപ വ്യതിയാനങ്ങളും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതുമാണ് ജൂലൈയില്‍ രാജ്യത്ത് അതിതീവ്ര മഴയ്ക്ക് കാരണമായത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജൂലൈ മാസങ്ങളില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയ സ്റ്റേഷനുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

2020ല്‍ 447, 2021 ല്‍ 638, 2022 ല്‍ 723, 2023 ല്‍ 1113 ഉം സ്റ്റേഷനുകളാണ് അതിതീവ്രമഴ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഇതുവരെ 1030 സ്റ്റേഷനുകളിലാണ് അതിതീവ്ര മഴ രേഖപ്പെടുത്തിയതെന്ന് ഐഎംഡി വ്യക്തമാക്കുന്നു. 115.6 മില്ലീമീറ്ററിനും 204.5 മില്ലീമീറ്ററിനും ഇടയില്‍ പെയ്യുന്ന മഴയെയാണ് അതിതീവ്രമഴ എന്നു പറയുന്നത്.

രാജ്യത്തിന്റെ തെക്കന്‍മേഖലയില്‍ 26 ശതമാനം അധികം മഴ ലഭിച്ചപ്പോള്‍, മധ്യ ഇന്ത്യയില്‍ 16 ശതമാനം അധിക മഴയും ലഭിച്ചു. അതേസമയം വടക്കുപടിഞ്ഞാറ്, കിഴക്ക്, വടക്കു കിഴക്ക് എന്നീ മേഖലകളില്‍ പെയ്ത മഴയുടെ അളവ്, ശരാശരിയേക്കാള്‍ 18 ശതമാനം കുറവാണ്. ഓഗസ്റ്റ് മാസം സാധാരണ തോതിലുള്ള മഴ ലഭിക്കാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*