എഴുത്തച്ഛൻ പുരസ്ക്കാരം സേതുവിന്

മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്‍കാരമായ എഴുത്തച്ഛന്‍ പുരസ്‍കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്.  അഞ്ച് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 

മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം. പുതിയ തലമുറയെ പ്രചോദിപ്പിക്കുന്ന  പാഠപുസ്‍തകമാണ് സേതുവെന്ന എഴുത്തകാരനെന്നാണ് ജൂറിയുടെ നിരീക്ഷണം. മന്ത്രി വി എന്‍ വാസവനാണ് പുരസ്‍കാര പ്രഖ്യാപനം നടത്തിയത്. 

കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് എന്നിവരംഗങ്ങളുമായ വിധിനിര്‍ണ്ണയസമിതി 2022 ലെ എഴുത്തച്ഛന്‍പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന് സമര്‍പ്പിക്കാന്‍ ഏകകണ്ഠമായി ശുപാര്‍ശ ചെയ്തത്.

മലയാളകഥയിലും നോവലിലും സ്വന്തമായ ഒരിടം കണ്ടെത്തിയ മുതിര്‍ന്ന എഴുത്തുകാരനാണ് സേതു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ബാങ്കിന്റെ ഡയറക്ടര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ തുടങ്ങിയ വലിയ പദവികളില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ ശ്രേഷ്ഠവ്യക്തിത്വമാണ് സേതു.

കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (പേടിസ്വപ്‍നം, പാണ്ഡവപുരം), മുട്ടത്തുവർക്കി അവാർഡ് (പാണ്ഡവപുരം), മലയാറ്റൂർ അവാർഡ് (കൈമുദ്രകൾ), വിശ്വദീപം അവാർഡ് (നിയോഗം), പത്മരാജൻ അവാർഡ് (ഉയരങ്ങളിൽ) എന്നിവ ലഭിച്ചിട്ടുണ്ട്. 

Be the first to comment

Leave a Reply

Your email address will not be published.


*