വിമാനങ്ങളില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ലെന്ന് കേന്ദ്രം

രാജ്യത്തെ വിമാന യാത്രക്കാര്‍ക്ക് ഇനി മാസ്‌ക് നിര്‍ബന്ധമല്ലെന്ന് വ്യോമയാന മന്ത്രാലയം. കോവിഡ് -19 കേസുകളുടെ എണ്ണം കുറയുന്ന സാഹചര്യമാണെങ്കിലും യാത്രക്കാര്‍ മാസ്‌കുകള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് പുതിയ തീരുമാനം. 

മാസ്‌കുകളെക്കുറിച്ചുള്ള വിമാനത്തിനുള്ളിലെ അറിയിപ്പുകളില്‍ പിഴയോ ശിക്ഷാ നടപടിയോ പരാമര്‍ശിക്കരുതെന്ന് മന്ത്രാലയം ഉത്തരവില്‍ പറയുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഡിജിസിഎ നിര്‍ദ്ദേശിച്ചിരുന്നു. രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു തീരുമാനം. പിന്നാലെ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും യാത്രക്കാര്‍ അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വാണിജ്യ വിമാനക്കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന യാത്രക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ടായി. ആഗസ്റ്റ് 1 മുതല്‍ ഡല്‍ഹിയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കോവിഡ് രോഗികളില്‍ 100% വര്‍ദ്ധന രേഖപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ഡിജിസിഎയുടെ നിര്‍ദ്ദേശം.

Be the first to comment

Leave a Reply

Your email address will not be published.


*