കൊച്ചി വിമാനത്താവളത്തിൽ ആദ്യമായി ശബരിമല ഇടത്താവളം; 30 പേർക്ക് വിശ്രമിക്കാനുള്ള സൗകര്യം

കൊച്ചി: ശബരിമല തീർത്ഥാടകർക്കായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇടത്താവളം. ഇത് ആദ്യമായാണ് വിമാനത്താവളത്തിൽ ശബരിമല ഇടത്താവളം ഒരുങ്ങുന്നത്. ഇന്ന് പ്രവർത്തനം ആരംഭിക്കുന്ന ഫസിലിറ്റേഷൻ സെന്ററിൽ വിദേശത്ത് നിന്നും ഇതരസംസ്ഥാനത്ത് നിന്നും വരുന്ന തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ സജ്ജമാക്കിയതായി സിയാൽ അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി പി രാജീവ് സെന്റർ ഉദ്ഘാടനം ചെയ്യും. സിയാൽ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപമാണ് ഫസിലേറ്റഷൻ സെന്റർ പ്രവർത്തിക്കുക. 30 പേർക്ക് വിശ്രമിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. പ്രീ-പെയ്ഡ് ടാക്സി കൗണ്ടർ, ഫ്ലൈറ്റ് ഇൻഫർമേഷൻ സിസ്റ്റം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫുഡ് കൗണ്ടർ തുടങ്ങിയവ സെന്ററിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ പ്രാർഥനയ്ക്കും പൂജയ്ക്കുമുള്ള സൗകര്യവും കെടാവിളക്കും ക്രമീകരിച്ചിട്ടുണ്ട്.

തീർത്ഥാടകർക്ക് ചുക്കുവെള്ളം സൗജന്യമായി ലഭ്യമാക്കും. വിദേശ രാജ്യങ്ങളിൽ മലേഷ്യയിൽ നിന്നാണ് ഏറ്റവുമധികം തീർത്ഥാടകർ എത്തുന്നത്. ശ്രീലങ്ക, സിംഗപൂർ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകരും വലിയ തോതിൽ വരാറുണ്ട്. ആന്ധ്ര, തെലങ്കാന, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും ഒട്ടേറെ അയ്യപ്പന്മാരാണ് ഓരോ വർഷവും തീർഥാടനത്തിനായി എത്തുന്നത്. രാത്രിയിൽ എത്തുന്ന അയ്യപ്പന്മാർ രാവിലെയാണ് ശബരിമലയിലേക്ക് പോവുക. അതുവരെ വിമാനത്താവളത്തിന്റെ ഇടനാഴിയിലും മറ്റുമാണ് വിശ്രമിച്ചിരുന്നത്. ഫസിലിറ്റേഷൻ സെന്റർ പ്രവർത്തനം തുടങ്ങുന്നതോടെ തീർത്ഥാടകർക്ക് നല്ലരീതിയിൽ വിശ്രമിക്കാനാകും.

Be the first to comment

Leave a Reply

Your email address will not be published.


*