ഫഹദിന്റെ ബോളിവുഡ് ചിത്രം ‘ഇഡിയറ്റ്സ് ഓഫ് ഇസ്താംബൂൾ’

ചംകീല എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഇംതിയാസ് അലി ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്റെ പേര് ‘ഇഡിയറ്റ്സ് ഓഫ് ഇസ്താംബൂൾ’.ബോളിവുഡിൽ ഫഹദ് ഫാസിൽ അരങ്ങേറുന്ന ചിത്രം ജബ് വീ മെറ്റ്,തമാശ,റോക്‌സ്‌റ്റാർ തുടങ്ങി ബോളിവുഡിലെ മികച്ച പ്രണയകഥകൾ ഒരുക്കിയ ഹിറ്റ്‌മേക്കർ ഇംതിയാസ്‌ അലിയുടെ പത്താമത്തെ ചിത്രവും ആകും. അനിമൽ എന്ന ചിത്രത്തിലൂടെ പ്രശസ്തി നേടിയ തൃപ്തി ധിംരിയാണ് ഫഹദിന്റെ നായികയായി എത്തുന്നത്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ നടത്തിയ ഡയറക്ടർസ് റൗണ്ട് ടേബിളിൽ വെച്ച് ഇംതിയാസ്‌ അലി തന്നെയാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്.

“ചിത്രം പ്രഖ്യാപിച്ചതാണ് എന്നാൽ എന്റെ അടുത്ത ചിത്രമാവുമോ അതെന്ന് സംശയമാണ്. ഈ ചിത്രം ചെയ്യാൻ കുറെ കാലമായി ശ്രമം നടത്തുന്നുണ്ട്” ഇംതിയാസ്‌ അലി പറയുന്നു.

ഈ വർഷം ആദ്യം തന്നെ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിൽ എ ആർ റഹ്മാൻ സംഗീതമൊരുക്കുമെന്നാണ് റിപോർട്ടുകൾ. ഇതിനു മുൻപ് വിഖ്യാത ബോളിവുഡ് സംവിധായകൻ വിശാൽ ഭരദ്ധ്വാജ് ഫഹദിനൊപ്പം ഒരു ചിത്രം ചെയ്യുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ചിത്രം പിന്നീട് ഉപേക്ഷിക്കേണ്ടി വന്നു.

പുഷ്പ 2 ഉം ആവേശവും നോർത്ത് ഇന്ത്യയിൽ ഉണ്ടാക്കിയ വലിയ വിജയം ഫഹദിന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് കൂടുതൽ സൗഹാർദ്ദമായ അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്. ഇംതിയാസ് അലിയുടെ സംവിധാനത്തിൽ 2024 ൽ നെറ്ഫ്ലിക്സിൽ റിലീസ് ചെയ്ത പഞ്ചാബി ഗായകൻ അമർ സിങ് ചംകീലയുടെ ജീവിതകഥ പറഞ്ഞ ‘ചാംകീല’യുടെ വിജയം വീണ്ടും ഫഹദിനൊപ്പം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

 

Be the first to comment

Leave a Reply

Your email address will not be published.


*