
ഭുവനേശ്വര്‍: വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പുരുഷനെതിരെ ചുമത്തിയ ബലാത്സംഗ കുറ്റം റദ്ദാക്കി ഒറീസ ഹൈക്കോടതി. പ്രണയ പരാജയം ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
വിവാഹ വാഗ്ദാനം നല്‍കി ഒമ്പത് വര്‍ഷത്തോളം തുടര്‍ച്ചയായി പരാതിക്കാരിയുമായി ആവര്‍ത്തിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാരോപിക്കപ്പെട്ട പുരുഷനെതിരെ ചുമത്തിയ ബലാത്സംഗ കുറ്റമാണ് കോടതി റദ്ദാക്കിയത്. ബന്ധം വിവാഹത്തിലേയ്ക്ക് എത്താത്തത് പരാതിയുടെ ഉറവിടമാകാമെങ്കിലും അത് കുറ്റകൃത്യമല്ലെന്നു കോടതി നിരീക്ഷിച്ചു. ലംഘനം സംഭവിച്ച എല്ലാ വാഗ്ദാനങ്ങള്‍ക്കും നിയമം സംരക്ഷണം നല്‍കുന്നില്ല. പരാജയപ്പെട്ട എല്ലാ ബന്ധങ്ങളിലും ക്രിമിനല്‍ കുറ്റം ചുമത്താന്‍ കഴിയില്ല. 2012 ല്‍ ഇരുവരും ബന്ധത്തില്‍ ഏര്‍പ്പെട്ടു. അന്ന് ഇരുവരും കഴിവുള്ളവരും പരസ്പരം സമ്മതത്തോടെ സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരും സ്വന്തം ഭാവി രൂപപ്പെടുത്താന്‍ കഴിവുള്ളവരുമായിരുന്നു. ആ ബന്ധം വിവാഹത്തില്‍ കലാശിച്ചില്ല എന്നത് വ്യക്തിപരമായ പരാതികള്‍ക്ക് കാരണമാകാം. പക്ഷേ, പ്രണയ പരാജയം ഒരു കുറ്റകൃത്യമല്ല. നിരാശയെ നിയമം വഞ്ചനയാക്കി മാറ്റുന്നില്ല.
2012ല്‍ സാംബല്‍പൂരില്‍ കംപ്യൂട്ടര്‍ കോഴ്‌സ് പഠിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടുകയും സൗഹൃദത്തിലാവുകയും പിന്നീട് അത് പ്രണയത്തിലേയ്‌ക്കെത്തുകയും ചെയ്യുന്നത്. പിന്നീട് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനും തുടങ്ങി. തന്റെ ഇഷ്ടത്തോടെയല്ല ലൈംഗിക ബന്ധത്തിന് താന്‍ നിര്‍ബന്ധിതയായതെന്നും ഇര വാദിച്ചു. ഗര്‍ഭ നിരോധന ഗുളികകള്‍ നല്‍കിയെന്നും അവര്‍ ആരോപിച്ചു.
വ്യക്തിപരമായ ബന്ധത്തിന്റെ തകര്‍ച്ചയ്ക്ക് പ്രതികാരത്തിനുള്ള ഒരു ഉപകരണമായി ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ ഉപയോഗിക്കുന്നതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. വ്യക്തിപരമായ നിരാശകള്‍ക്കായി ക്രിമിനല്‍ നടപടികള്‍ ഉപയോഗിക്കുന്നതു തടയേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.
Be the first to comment