തിരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പരസ്യങ്ങള്‍ സംബന്ധിച്ച് മെറ്റയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ നോട്ടീസ്. വരുന്ന ജൂണില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. മെറ്റയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് യൂറോപ്യന്‍ യൂണിയന്റെ എക്‌സിക്യൂട്ടീവ് വിഭാഗമായ യൂറോപ്യന്‍ കമ്മീഷന്റെ ഇടപെടല്‍. യൂറോപ്യന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ പൊതുജനാഭിപ്രായം രൂപീകരിക്കാനും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും റഷ്യന്‍ ശ്രമങ്ങള്‍ നടക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കെയാണ് നോട്ടീസ്.
തിരഞ്ഞെടുപ്പ് പരസ്യങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ മെറ്റ നിരീക്ഷണം അപര്യാപ്തമാണെന്നാണ് സംശയം ഉയര്‍ത്തിക്കാട്ടിയാണ് കമ്മീഷന്‍ ഇടപെടല്‍. ഇന്‍സ്റ്റാഗ്രാം ഫേസ്ബുക്ക് എന്നിവയുടെ അപര്യാപ്തകള്‍ മുതലെടുക്കുന്നത് തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് അന്വേഷണം ആവശ്യപ്പെട്ടതെന്ന് ഇ യു ഇന്റേണല്‍ മാര്‍ക്കറ്റ് കമ്മീഷണര്‍ തിയറി ബ്രെട്ടണ്‍ ചൂണ്ടിക്കാട്ടുന്നു.
ഓണ്‍ലൈനിലെ വിവരങ്ങള്‍ നിരീക്ഷിക്കുന്ന ഡിജിറ്റല്‍ ടൂളായ ക്രൗഡ് ടാങ്കിള്‍ പിന്‍വലിച്ചതുള്‍പ്പെടെ ഇതിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ക്രൗഡ് ടാങ്കിള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഉയരുന്ന പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാന്‍ സ്വീകരിച്ച നടപടികള്‍ അഞ്ച് ദിവസത്തിനകം വിശദീകരിക്കണമെന്നും യൂറോപ്യന്‍ കമ്മീഷന്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ ‘പ്ലാറ്റ്ഫോമിലെ അപകടസാധ്യതകള്‍ തിരിച്ചറിയുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള ഒരു സുസ്ഥിരമായ സാങ്കേതിക വിദ്യ’ ഉണ്ടെന്ന് മെറ്റ അവകാശപ്പെട്ടു.
Be the first to comment