തിരുവനന്തപുരം: പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ട്രെയിനുകളിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആൾ പൊലീസ് പിടിയിൽ. അയിരൂർ കൈതക്കൊടി വെള്ളുമുറിയിൽ വീടിൽ ഹരിലാൽ ആണ് പിടിയിലായത്. സൈബർ സെൽ നടത്തിയ പരിശോധനയിലാണ് ഹരിലാൽ എന്നയാളുടെ ഫോണിൽ നിന്നാണ് സന്ദേശം എത്തിയത് എന്ന് കണ്ടെത്തി. തുടർന്ന് പോലീസ് ഫോൺ നമ്പർ ലൊക്കേഷൻ നോക്കിയാണ് പ്രതിയെ പിടികൂടിയത്.
എറണാകുളം റെയിൽവേ ഡിവൈഎസ്‌പി ജോർജ് ജോസഫ്, എറണാകുളം ഐആർപി ക്രിസ്‌പിൻ സാം, എറണാകുളം ആർപിഎസ് ഷിഹാബ് കെ എം, എസ്ഐ ലൈജു, എസ്സിപിഒ ദിനിൽ, ആർപിഎഫ് എഎസ്ഐ സിജോ, കോൺസ്റ്റബിൾ അജയ്ഘോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. നിരവധി സ്റ്റേഷനുകളിൽ ഹരിലാലിനെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉണ്ട്.
ഇന്നലെ വൈകീട്ടാണ് എറണാകുളം പോലീസ് കൺട്രോൾ റൂമിലേക്ക് ടെലിഫോൺ സന്ദേശം എത്തുന്നത്. ട്രെയിനുകളിൽ ചിലതിൽ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു സന്ദേശം.
എറണാകുളത്തെ കൺട്രോൾ റൂമിലേക്ക് വിളിച്ച നമ്പർ പരിശോധിച്ചതിൽ നിന്നാണ് സന്ദേശം വന്ന ഫോണിൻ്റെ ഉടമയെ കണ്ടെത്തിയത്. പൊലീസ് ആസ്ഥാനത്തും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പോലീസ് വ്യാപക പരിശോധന നടത്തി. എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശവും നൽകിയിരുന്നു.
Be the first to comment