വ്യാജവാര്‍ത്ത; മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് എം എ യൂസഫലിയുടെ വക്കീല്‍ നോട്ടീസ്

തനിക്കും കുടുംബത്തിനുമെതിരെ വ്യാജവാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നിയമനടപടിയുമായി വ്യവസായി എം എ യൂസഫലി. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും കാട്ടിയാണ് യൂസഫലി ഷാജനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരമായി പത്ത് കോടി രൂപ ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

മറുനാടന്‍ മലയാളിയുടെ യൂട്യൂബ് ചാനലിലൂടെ മാര്‍ച്ച് ആറിന് പുറത്തുവിട്ട വിഡിയോയാണ് നടപടിയ്ക്ക് ആധാരം. ഷാജന്‍ തന്നെയാണ് യൂസഫലിയ്‌ക്കെതിരെ വിഡിയോയിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഏക സിവില്‍ കോഡ് ആവശ്യമാണെന്നാണ് യൂസഫലിയും ഷുക്കൂര്‍ വക്കീലും പറയുന്നതെന്ന് ആമുഖമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു വിഡിയോ.

യൂസഫലി സ്വന്തം ഭാര്യയെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിച്ചുവെന്ന ആരോപണം ഷാജന്‍ വിഡിയോയിലൂടെ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് വാസ്തവവിരുദ്ധമായ കാര്യമാണെന്നും ഇത് തന്നെ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നുമാണ് യൂസഫലി പറയുന്നത്. ഈ വിഡിയോ പുറത്തുവന്നതിലൂടെ തനിയ്ക്കും കുടുംബത്തത്തിനും ലുലു ഗ്രൂപ്പിനുമുണ്ടായ ബുദ്ധിമുട്ടുകള്‍ കൂടി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് യൂസഫലിയുടെ വക്കീല്‍ നോട്ടീസ്.

നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ നിര്‍വ്യാജം ഖേദം പ്രസിദ്ധീകരിക്കണമെന്നാണ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. പത്ത് കോടി രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. ഇതില്‍ വീഴ്ച വരുത്തിയാല്‍ സിവില്‍, ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുമെന്നും വക്കീല്‍ നോട്ടീസിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*