റഷ്യയിൽ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്ദാനം; ഇന്ത്യൻ യുവാക്കൾ യുദ്ധമുഖത്ത് കുടുങ്ങി

ദില്ലി: “ഞങ്ങളിവിടെ സെക്യൂരിറ്റി ജോലിക്ക് വന്നതാണ്, യുദ്ധത്തിന് വന്നതല്ല, എങ്ങനെയെങ്കിലും രക്ഷിച്ച് തിരിച്ചെത്തിക്കണം. മരണമുഖത്തേക്കാണ് ഞങ്ങൾ പോകുന്നത്” മരിയുപോളിൽ കുടുങ്ങിയ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അഫ്സാന്‍റെ വാക്കുകളാണിത്. 

റഷ്യയിൽ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്ദാനം വിശ്വസിച്ച് പോയ 12 ഇന്ത്യൻ യുവാക്കൾ യുദ്ധമുഖത്ത് കുടുങ്ങി. വാഗ്നർ ഗ്രൂപ്പിന്‍റെ കൂലിപ്പട്ടാളത്തിൽ ചേർന്ന് യുക്രൈനെതിരെയുള്ള യുദ്ധമുഖത്തേക്ക് പോകാൻ സമ്മർദ്ദം നേരിടുകയാണ് ഇവർ. എങ്ങനെയെങ്കിലും രക്ഷിച്ച് തിരികെയെത്തിക്കണമെന്ന അപേക്ഷയുമായി നാട്ടിലേക്ക് വീഡിയോ സന്ദേശമയച്ച് കാത്തിരിക്കുകയാണ് ഇവർ.

ഇത് പോലെ 11 ഇന്ത്യൻ യുവാക്കൾ കൂടി ഹാർകീവ്, ഡോണെട്സ്ക് എന്നിങ്ങനെ പല മേഖലകളിലായി കുടുങ്ങിക്കിടക്കുകയാണ്. തെലങ്കാന, കർണാടക, ഗുജറാത്ത്, ഉത്തർപ്രദേശ്, കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് വ്യാജ ജോലിവാഗ്ദാനം വിശ്വസിച്ച് റഷ്യയിലെത്തി കുടുങ്ങിയത്. 

സംഘത്തിലുണ്ടായിരുന്ന മൂന്ന് പേരെക്കുറിച്ച് വിവരമില്ലെന്ന് ഇവർ പറയുന്നു. ബാബാ ബ്ലോഗ്സ് എന്ന പേരിൽ യൂട്യൂബിൽ വ്ളോഗ് ചെയ്യുന്ന ഫൈസൽ ഖാൻ വഴിയാണ് ഇവർ ജോലിക്കപേക്ഷിച്ചത്. മുംബൈ സ്വദേശികളായ സൂഫിയാൻ, പൂജ എന്നിവരാണ് ഇടനില നിന്നത്. റഷ്യയില്‍ സെക്യൂരിറ്റി ജോലിയെന്നാണ് പറഞ്ഞിരുന്നത്.

അനിശ്ചിതമായി നീളുന്ന യുക്രൈൻ യുദ്ധത്തിന് സൈനികരില്ലാതെ പൊറുതിമുട്ടുകയാണ് റഷ്യ. യവ്ജെനി പ്രിഗോഴിൻ കൊല്ലപ്പെട്ടതോടെ വാഗ്നർ ഗ്രൂപ്പ് നിലവിൽ പുടിന്‍റെ നിയന്ത്രണത്തിലാണ്. യുദ്ധത്തിനായി ലോകമെമ്പാടും നിന്ന് ആളുകളെ കൂലിപ്പട്ടാളത്തിലേക്ക് ഇറക്കുമതി ചെയ്യുകയാണ് പുടിനെന്ന് ആരോപണമുണ്ട്, അതിനിടെയാണ് പരാതിയുമായി ഇന്ത്യൻ യുവാക്കള്‍ രംഗത്തെത്തിയത്.

 

Be the first to comment

Leave a Reply

Your email address will not be published.


*