‘സിപിഎം നേതാവ് പ്രതിയായ കേസില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല’; നവീന്‍ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം ഹൈക്കോടതിയില്‍

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സംസ്ഥാന പൊലീസിന്റെ തെളിവു ശേഖരണവും അന്വേഷണവും തൃപ്തികരമല്ല. നിലവിലെ പൊലീസ് അന്വേഷണത്തില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. സിപിഎം നേതാവ് പ്രതിയായ കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമാകുമെന്ന് കരുതാനാകില്ല. ഭരണതലത്തില്‍ അടക്കം പ്രതിയായ സിപിഎം നേതാവിന് വലിയ സ്വാധീനമുണ്ട്. അതിനാല്‍ കേരളത്തിന് പുറത്തുള്ള കേന്ദ്ര ഏജന്‍സി അന്വേഷിച്ച് നീതി നല്‍കണമെന്നാണ് കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

സിപിഎം നേതാവ് പ്രതിയായ പൊലീസിന്റെ അന്വേഷണം കേസ് അട്ടിമറിക്കാനും തെളിവു നശിപ്പിക്കപ്പെടാനും ഇടയാക്കുമെന്ന് കുടുംബം ഹര്‍ജിയില്‍ ആശങ്കപ്പെടുന്നു. പൊലീസിന്റെ അന്വേഷണം നീതിപൂര്‍വകമാവില്ല. കേസില്‍ കുറ്റക്കാര്‍ക്കെതിരെ ശരിയായ നിലയില്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ നവീന്‍ബാബുവിന്റെ മരണത്തില്‍ നീതി ലഭ്യമാകൂ. ശരിയായ അന്വേഷണം പൊലീസിന്റെ ഭാഗത്തു നിന്നും ഇപ്പോഴത്തെ നിലയില്‍ ഉണ്ടാകുമെന്ന് കരുതാനാവില്ല. അന്വേഷണത്തിന്റെ തുടക്കം മുതലേ പൊലീസിന്റെ ഭാഗത്തു നിന്നും അലംഭാവമുണ്ടായി. സാക്ഷി മൊഴികള്‍ ക്രോഡീകരിക്കുന്നതില്‍ അടക്കം വീഴ്ചയുണ്ടായി. അന്വേഷണത്തില്‍ വിവിധ തലങ്ങളില്‍ ഉന്നത ഇടപെടലുകളുണ്ടായിട്ടുണ്ട്. കേസിലെ പ്രതിക്ക് സംസ്ഥാന സര്‍ക്കാരിലെ ഉന്നതരുമായും പൊലീസുമായും ബന്ധമുള്ളവരാണെന്നും കുടുംബം ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി അടുത്ത ദിവസം തന്നെ ഹൈക്കോടതി പരിഗണിച്ചേക്കുമെന്നാണ് സൂചന.

പൊലീസിന്റെ തെളിവുശേഖരണത്തില്‍ തൃപ്തിയില്ലെന്ന് നേരത്തെ നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക സജിത വ്യക്തമാക്കിയിരുന്നു. ജില്ലാ കലക്ടറും പ്രതിയും ഉപയോഗിച്ചു വന്നതായ ഒന്നിലധികം ഫോണ്‍നമ്പറുകള്‍ പരാതിയില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പൊലീസിന്റെ റിപ്പോര്‍ട്ടില്‍ അതേക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടില്ല. കൂടാതെ പ്രശാന്തിന്റെ കോള്‍ റെക്കോര്‍ഡ്‌സും സിഡിആറും എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രശാന്തിന്റെ നമ്പര്‍ സംബന്ധിച്ച യാതൊന്നും റിപ്പോര്‍ട്ടില്‍ കാണുന്നില്ല. ദിവസങ്ങള്‍ കഴിയുന്നതോടെ ഈ തെളിവുകളെല്ലാം നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കുടുംബത്തിന്റെ അഭിഭാഷക സജിത പറഞ്ഞു.

തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം തലശേരി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജില്ലാ കലക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തന്റെയും ഫോണ്‍ കോള്‍ വിവരങ്ങളും ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങളും സംരക്ഷിക്കണമെന്നാണ് ആവശ്യം. ജില്ലാ കലക്ടറേറ്റിലെ സിസിടിവി ദൃശ്യങ്ങളും കലക്ടറുടെ രണ്ട് നമ്പറുകളിലെയും കോള്‍ റെക്കോര്‍ഡിങും സംരക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തടസപെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകള്‍ സംരക്ഷിക്കണമെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ തലശേരി കോടതിയില്‍ വ്യക്തമാക്കി. കുറ്റാരോപിതര്‍ പ്രതികള്‍ അല്ലാത്തതിനാല്‍ കോള്‍ റെക്കോര്‍ഡിങ് കണ്ടെടുക്കുന്നത് സ്വകാര്യതയെ ബാധിക്കില്ലേ എന്ന് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. ഹർജിയിൽ ഡിസംബർ മൂന്നിന് കോടതി വിധി പറയും.

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത നല്‍കിയ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല. പെട്രോള്‍ പമ്പിന് അനുമതി വൈകിച്ചു എന്ന ആരോപണത്തിനും തെളിവില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടി വേണമെന്ന കുറിപ്പോടെ നവംബര്‍ ഒന്നിനാണ് റവന്യൂമന്ത്രി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയത്. നവീന്‍ബാബു അഴിമതിക്കാരനല്ലെന്ന് റവന്യൂമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കി എന്നു പറഞ്ഞ പ്രശാന്തനെതിരെയും സര്‍ക്കാര്‍ ഇതുവരെ നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല. ഉപതെരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാര്‍ നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും, കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ അതിശക്ത നടപടിയെടുക്കുമെന്നും മുഖ്യമന്ത്രിയും സിപിഎം നേതാക്കളും പറഞ്ഞിരുന്നു. adm

Be the first to comment

Leave a Reply

Your email address will not be published.


*