ഗൂഗിള്‍ പറഞ്ഞ വഴിയിൽ പോയി: പിഞ്ചുകുഞ്ഞടക്കം നാലംഗ കുടുംബത്തിന്റെ കാര്‍ വെള്ളത്തില്‍

കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ വഴിതെറ്റിയെത്തിയ ഡോക്ടറും കുടുംബവും സഞ്ചരിച്ച കാര്‍ തോട്ടിലേക്ക് വീണു. വ്യാഴാഴ്ച രാത്രി 11 മണിയോടെ നാട്ടകം പാറേച്ചാൽ ബൈപ്പാസിലായിരുന്നു സംഭവം. എറണാകുളത്തു നിന്നും തിരുവല്ലയിലേയ്ക്കു മടങ്ങുകയായിരുന്നു ഡോക്ടറും കുടുംബവും. ഇവർ ഗൂഗിൾ മാപ്പില്‍ കാണിച്ച വഴിയിലൂടെയാണ് കാർ ഓടിച്ചിരുന്നത്. ഇതിനിടെ ലൊക്കേഷൻ തെറ്റിയ ഇവർ പാറേച്ചാൽ ബൈപ്പാസില്‍ എത്തുകയായിരുന്നു. തുടർന്ന് കാർ വഴി തെറ്റി സമീപത്തെ തോട്ടിലേയ്ക്കു മറിഞ്ഞു.

തിരുവല്ല സ്വദേശിയായ വനിതാ ഡോക്ടറും പിഞ്ചുകുഞ്ഞും അടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. മഴപെയ്ത് വെള്ളം നിറഞ്ഞുകിടന്ന തോട്ടിലൂടെ ഒഴുകി നീങ്ങിയ കാറിൽ നിന്നും  അത്ഭുതകരമായാണ് യാത്രക്കാര്‍ രക്ഷപെട്ടത്.  തിരുവല്ല സ്വദേശിയായ ഡോക്ടർ സോണിയ, ഇവരുടെ മൂന്നു മാസം പ്രായമായ കുട്ടി, കാർ ഓടിച്ചിരുന്ന  ബന്ധു, ഡോക്ടറുടെ മാതാവ് എന്നിവരാണ് അപകടസമയത്ത് കാറില്‍ ഉണ്ടായിരുന്നത്.

കാർ അപകടത്തിൽപ്പെട്ട ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തി.  പ്രദേശവാസികള്‍ ചേർന്ന് വടം ഉപയോഗിച്ച് വലിച്ചാണ് തോട്ടിൽ വീണ കാറിനുള്ളിൽ നിന്നും നാലു പേരെയും രക്ഷപെടുത്തി കരയിലെത്തിച്ചത് തുടർന്നു ഇവരെ സമീപത്തെ വീട്ടിലേയ്ക്ക് മാറ്റി.

നാട്ടുകാർ വിവരം അറിയിച്ചതോടെ കോട്ടയം വെസ്റ്റ് പൊലീസ് സംഘവും, അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

Be the first to comment

Leave a Reply

Your email address will not be published.


*