പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ വെടിയേറ്റ് മരിച്ചു

പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ മോഷ്ടാക്കളുടെ വെടിയേറ്റുമരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച ലോസ് ഏഞ്ചലിസിലാണ് സംഭവം നടന്നത്. ‘ജനറല്‍ ഹോസ്പിറ്റല്‍’ എന്ന പരമ്പരയിലെ ബ്രാന്‍ഡോ കോര്‍ബിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് വാക്ടര്‍. കഴിഞ്ഞ ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം നടന്നതെന്ന് ജോണി വാക്ടറുടെ അമ്മ സ്‌കാര്‍ലെറ്റ് പ്രതികരിച്ചു. മൂന്നു പേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു.

‘അക്രമികള്‍ വീട്ടിലുണ്ടായിരുന്ന കാറിലെ കാറ്റലിറ്റിക്ക് കണ്‍വേര്‍ട്ടര്‍ മോഷ്ടിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടു വന്ന നടനെ മോഷ്ടാക്കള്‍ വെടിവെയ്ക്കുകയായിരുന്നു. വാക്ടറെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല’.- വാക്ടറുടെ അമ്മ സ്‌കാര്‍ലെറ്റ് പ്രതികരിച്ചു. അതേസമയം സംഭവത്തിന് പിന്നിലുള്ളവരെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികളുമായി ബന്ധപ്പെട്ട് യാതൊരു വിവരവും പോലീസ് നല്‍കിയിട്ടില്ലെന്ന് സ്‌കാര്‍ലെറ്റ് പ്രതികരിച്ചു. വാക്ടറുടെ മരണം അദ്ദേഹത്തിന്റെ ഏജന്റ് ഡേവിഡ് ഷൗളാണ് സ്ഥിരീകരിച്ചത്.

‘പ്രതിഭാശാലിയായ ഒരു നടന്‍ എന്നതിലുപരി ആത്മവിശ്വാസവും ധൈര്യവുമുള്ള വ്യക്തിയായിരുന്നു ജോണി. വെല്ലുവിളികള്‍ നിറഞ്ഞ ഒരു ജോലിയുടെ ഉയര്‍ച്ച താഴ്ചകളില്‍ തലയുയര്‍ത്തിപ്പിടിച്ച് എപ്പോഴും തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു അദ്ദേഹമെന്ന്’- ഡേവിഡ് പ്രതികരിച്ചു. ആര്‍മി വൈവ്‌സ് എന്ന പരമ്പരയിലൂടെയാണ് വാക്ടര്‍ അഭിനയജീവിതം ആരംഭിച്ചത്. ‘ജനറല്‍ ഹോസ്പിറ്റല്‍’ എന്ന സീരിസിലൂടെയാണ് ജനശ്രദ്ധ ആകര്‍ഷിച്ചത്. ജനറല്‍ ഹോസ്പിറ്റല്‍ എന്ന പരമ്പരയുടെ 200-ഓളം എപ്പിസോഡുകളിലാണ് ജോണി വാക്ടര്‍ നിറഞ്ഞു നിന്നത്.

മയക്കുമരുന്നിന് അടിമയായ സാഷാ കോര്‍ബിന്റെ ഭര്‍ത്താവായ ബ്രാന്‍ഡോ കോര്‍ബിന്‍ ആയാണ് ജോണി എത്തിയത്. ജനറല്‍ ഹോസ്പിറ്റലിന് പുറമേ എന്‍.സി.ഐ.എസ്, ദ ഒഎ, വെസ്റ്റ് വേള്‍ഡ്, ദ പാസഞ്ചര്‍, സ്റ്റേഷന്‍ 19, ബാര്‍ബീ റീഹാബ്, സൈബീരിയ, ഏജന്റ് എക്‌സ്, വാന്റാസ്റ്റിക്, അനിമല്‍ കിങ്ഡം, ഹോളിവുഡ് ഗേള്‍, ട്രെയിനിങ് ഡേ, ക്രിമിനല്‍ മൈന്‍ഡ്‌സ് എന്നീ പരമ്പരകളിലും ജോണി വാക്ടര്‍ അഭിനയിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*