പ്രശസ്ത ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു

പ്രശസ്ത ഗസൽ ഗായകനും പത്മശ്രീ ജേതാവുമായ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ഇന്ന് രാവിലെ പതിനൊന്നോടെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായിരുന്നു. കുടുംബം ഔദ്യോഗിക പ്രസ്താവനയിലൂടെ മരണം സ്ഥിരീകരിച്ചു.

ഹിന്ദി സിനിമയ്ക്കും ഇന്ത്യന്‍ പോപ് സംഗീതത്തിനും പങ്കജ് ഉദാസ് നല്‍കിയ സംഭാവന സമാനതകളില്ലാത്തതായിരുന്നു. സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ക്കായി 2006-ല്‍ രാജ്യം അദ്ദേഹം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു.

ശ്രുതിമധുരമായ ശബ്ദവും ഹൃദ്യമായ വരികളും കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിച്ച പങ്കജ് ഉദാസ് 1980കള്‍ മുതല്‍ ഇന്ത്യന്‍ ഗസല്‍ സംഗീത രംഗത്തെ ജനപ്രിയ ശബ്ദമായിരുന്നു. 1980ല്‍ ഗസല്‍ ആല്‍ബം ‘ആഹതി’ലൂടെയാണ് പങ്കജ് ഉദാസ് പ്രേഷകർക്കിടയില്‍ സ്വീകാര്യനാകുന്നത്. പിന്നീട് ‘മുകരാർ’, ‘തരന്നും’, ‘മെഹ്ഫില്‍’ തുടങ്ങിയ ഹിറ്റുകളും സമ്മാനിച്ചു.

‘നാം’, ‘സാജൻ’, ‘മൊഹ്‌റ’ എന്നിവയുൾപ്പെടെ ഹിന്ദി ചിത്രങ്ങളിലൂടെ പിന്നണി ഗായകനെന്ന നിലയിൽ പങ്കജ് ഉദാസ് ബോളിവുഡിൽ തിളങ്ങി. മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ 1986ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ നാമിലെ ‘ചിട്ടി ആയി ഹേ’, എന്ന ഗാനം ഇന്ത്യയിലുടനീളം അദ്ദേഹത്തിന് വൻ ആരാധകരെ സൃഷ്ടിച്ചു.

1998ൽ പുറത്തിറങ്ങിയ പ്രവീൺ ഭട്ട് ചിത്രം ‘ഏക് ഹി മഖ്‌സദി’ലെ ചാന്ദി ജൈസ രംഗ് ഹേ, അതേ വർഷം തന്നെ റിലീസായ ഫിറോസ് ഖാന്റെ ആക്ഷൻ ത്രില്ലർ ‘ദയാവനി’ലെ ‘ആജ് ഫിർ തുംപേ’, 1991ൽ പുറത്തിറങ്ങിയ ലോറൻസ് ഡിസൂസയുടെ റൊമാന്റിക് ചിത്രം ‘സാജനി’ലെ ‘ജീയേ കൈസെ’, അബ്ബാസ്-മുസ്താൻ്റെ 1993-ലെ റിവഞ്ച് ത്രില്ലർ ‘ബാസിഗറി’ലെ ‘ചുപനാ ഭി നഹി ആതാ’ എന്നിവയും ശ്രദ്ധേയമായി.

‘ജീയേ തോ ജീയേ കൈസേ’, ‘ഔര്‍ ആഹിസ്ത കിജിയേ ബാത്തേന്‍’, ‘നാ കജ്രേ കി ധര്‍’ എന്നിവയും പങ്കജ് ഉദാസിന്റെ പ്രധാനപ്പെട്ട ജനപ്രിയ ഗാനങ്ങളില്‍ ചിലതാണ്. നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കിയ അദ്ദേഹം ലോകമെമ്പാടും സംഗീതകച്ചേരികൾ‍ അവതരിപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*