അശ്വതി ശ്രീകാന്തിൻ്റെ പോസ്റ്റിന് കയ്യടിച്ച് ആരാധകർ

ടെലിവിഷന്‍ അവതാരകയായി കരിയര്‍ ആരംഭിച്ചയാളാണ് അശ്വതി ശ്രീകാന്ത്. ഇന്ന് മികച്ച നടിയ്ക്കുള്ള ടെലിവിഷന്‍ പുരസ്‌കാരം നേടിയ അഭിനേത്രിയും മലയാള സിനിമയിലെ പാട്ടെഴുത്തുകാരിയും ഒക്കെയാണ് അശ്വതി.  കഴിഞ്ഞ ദിവസമായിരുന്നു അശ്വതിയുടെ ജന്മദിനം.  ‘ഇന്നത്തെ ഞാന്‍, പഴയ പതിനഞ്ചുകാരിയായ എന്നെ കണ്ടാല്‍ എന്തൊക്കെയാവും പറയുക’ എന്ന ചോദ്യത്തിന് ഉത്തരമായിട്ടുള്ള നീണ്ട ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് അശ്വതി പങ്കുവച്ചിരിയ്ക്കുന്നത്. 

“അച്ഛനും അമ്മയും ഉള്‍പ്പെടെ സകലരുടെയും അഭിപ്രായങ്ങളും ഇഷ്ടങ്ങളും നാളെ മാറും.  അവനവന്റെ ബോധ്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ചു കൂടി വേണം തീരുമാനങ്ങള്‍ എടുക്കാന്‍.  സമയമെന്ന് പറയുന്നത് ആയുസാണ്.  ആ ബോധത്തോടെ വേണം അതൊരാള്‍ക്ക് കൊടുക്കാനും തിരിച്ചു വാങ്ങാനും എവിടെയും ചിലവാക്കാനും.  എല്ലാവരെയും സന്തോഷിപ്പിച്ചിട്ട്, എല്ലാവരെക്കൊണ്ടും നല്ലത് പറയിപ്പിച്ചിട്ട് ജീവിക്കാമെന്ന് കരുതണ്ട, അത് നടക്കില്ല. 

കണ്ണടച്ച് തുറക്കുമ്പോള്‍ ലോകം മാറും, മനുഷ്യര്‍ മാറും, ശരിയും തെറ്റും മാറും, നമുക്കും മാറാന്‍ പറ്റണം.  മാറ്റത്തിലാണ് ജീവിതത്തിന്റെ സൗന്ദര്യം.  ഇന്ന് ഏറ്റവും വിലയുള്ളതെന്ന് തോന്നുന്ന പലതും അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് അപ്പുറത്ത് തീര്‍ത്തും അപ്രസക്തമാവാന്‍ ഇടയുണ്ട്.  വ്യക്തികള്‍ പോലും.  നമ്മുടെ ഒരു സമയത്തെ അറിവും ബോദ്ധ്യവും അനുഭവ സമ്പത്തും വച്ചെടുക്കുന്ന ഒരു തീരുമാനം പിന്നീട് ഒരു സമയത്ത് തെറ്റായെന്ന് വരാം.  എന്ന് വച്ച് സ്വയം കുറ്റപ്പെടുത്തി സമയം കളയരുത്.  മറ്റുള്ളവരോട് എന്ന പോലെ അവനവനോടും ക്ഷമിക്കാന്‍ പഠിക്കണം.

നാളെ കരയേണ്ടി വന്നാലോ എന്ന് പേടിച്ച് ഇന്ന് ചിരിക്കാതെ ഇരിക്കരുത്.  സ്വയം സന്തോഷിക്കാതെ വേറെ ആരെയും സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല.  സന്തോഷമുള്ള മനുഷ്യര്‍ക്കേ അത് പങ്കു വയ്ക്കാന്‍ കഴിയു.  എന്നിങ്ങനെയാണ് അശ്വതിയുടെ എട്ട് പോയിന്റുകള്‍. 

Be the first to comment

Leave a Reply

Your email address will not be published.


*