കർഷക സമരത്തിന്റെ ഭാഗമായി ഇന്നലെ ഡൽഹി നോയിഡ അതിർത്തിയിൽ കർഷകർ നടത്തിയ ട്രാക്ടർ റാലി വലിയ ഗതാഗത തടസങ്ങൾക്കു കാരണമായി. യമുന എക്സ്പ്രസ് വേയിലൂടെയായിരുന്നു ട്രാക്ടർ റാലി. അത് മഹാമായ ഫ്ലൈ ഓവറിൽ എത്തിയതോടെ ആളുകൾ ട്രാക്ടറിൽ നിന്ന് പുറത്തിറങ്ങി കുത്തിയിരിപ്പു സമരം നടത്തുകയായിരുന്നു. ഇത് വലിയ ഗതാഗത കുരുക്കിനു കാരണമായി.
ഭാരതീയ കിസാൻ യൂണിയൻ (ബികെയു) ആണ് റാലിക്ക് നേതൃത്വം നൽകിയത്. യുപിയിലെ രബുപുരയ്ക്കടുത്ത് മെഹന്ദിപ്പൂരിൽ നിന്ന് ഫലൈദവരെ യമുന എക്സ്പ്രസ് വേ വഴിയായിരുന്നു റാലി. പരിപാടിയുടെ സുരക്ഷയ്ക്കുവേണ്ടി റാലി കടന്നുപോകുന്ന സഥലങ്ങളിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും, ഡൽഹി നോയിഡ അതിർത്തിയിൽ കൂടുതൽ പോലീസിനെ വിന്യസിക്കുകയും ചെയ്തെങ്കിലും ഫലം കണ്ടില്ല. ട്രാക്ടർ റാലി നടക്കുന്നതിനാൽ ഡൽഹി യുപി ബോർഡറിൽ വലിയ തോതിൽ ട്രാഫിക് ബ്ലോക്കുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പോലീസ് നേരത്തെ നൽകിയിരുന്നു.
Be the first to comment