അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി ; ഇനി ഇന്ത്യന്‍ വംശജനായ സാഹില്‍ ചൗഹാന് സ്വന്തം

ടാലിന്‍ : അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറി ഇനി ഇന്ത്യന്‍ വംശജനായ സാഹില്‍ ചൗഹാന് സ്വന്തം. സൈപ്രസിനെതിരായ മത്സരത്തില്‍ എസ്റ്റോണിയന്‍ ബാറ്ററായാണ് താരം റെക്കോര്‍ഡ് കുറിച്ചത്. 27 പന്തില്‍ സെഞ്ച്വറിയിലെത്തിയ സാഹില്‍ പിന്നിലാക്കിയത് നമീബിയന്‍ താരം ജാന്‍ നികല്‍ ലോഫ്റ്റി ഈറ്റണെയാണ്. 33 പന്തിലായിരുന്നു ജാന്‍ ലോഫ്റ്റിയുടെ സെഞ്ച്വറി.

ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെയും അതിവേഗ സെഞ്ച്വറിയാണ് സാഹില്‍ കുറിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ക്രിസ് ഗെയില്‍ നേടിയ 30 പന്തിലെ സെഞ്ച്വറി നേട്ടമാണ് പിന്നിലായത്. ട്വന്റി 20 ക്രിക്കറ്റിലെ ഒരു ഇന്നിംഗ്‌സില്‍ കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന റെക്കോര്‍ഡും സാഹില്‍ സ്വന്തമാക്കി. 41 പന്തില്‍ 144 റണ്‍സ് നേടി പുറത്താകാതെ നിന്ന സാഹിലിന്റെ ഇന്നിംഗ്‌സില്‍ 18 സിക്‌സുകള്‍ ഉണ്ടായിരുന്നു.

അഫ്ഗാന്‍ താരം ഹസ്‌റത്തുല്ല സസായ്, ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഫിന്‍ അലന്‍ എന്നിവര്‍ 16 സിക്‌സുകളുമായി രണ്ടാം സ്ഥാനത്തായി. സാഹിലിന്റെ സെഞ്ച്വറി മികവില്‍ എസ്റ്റോണിയ മത്സരം വിജയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*