
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ ഐ ബി ജീവനക്കാരി മേഘയുടെ മരണത്തിൽ സാമ്പത്തിക ആരോപണവുമായി പിതാവ് മധുസൂദനൻ. മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷെന്നയാൾ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നു.
മേഘയുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ കിട്ടുന്ന പണം മുഴുവൻ സുകാന്തിനാണ് അയച്ചിരിക്കുന്നതായി കണ്ടെത്തിയത്. പല സ്ഥലങ്ങളിൽ നിന്നായി എ ടി എം കാർഡ് ഉപയോഗിച്ച് ഇയാൾ പണം പിൻവലിച്ചിരുന്നു. ചില സമയത്ത് മേഘയ്ക്ക് ആഹാരം കഴിക്കാൻ പോലും കൈയ്യിൽ പണം ഉണ്ടായിരുന്നില്ലെന്ന് കൂട്ടുകാർ പറഞ്ഞാണ് തങ്ങൾ അറിയുന്നതെന്നും പിതാവ് പറഞ്ഞു.
മരിക്കുമ്പോൾ മേഘയുടെ അക്കൗണ്ടിൽ ആകെ ഉണ്ടായത് 80 രൂപ മാത്രമായിരുന്നു. ഫെബ്രുവരി മാസത്തെ ശമ്പളമടക്കം മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായിട്ടാണ് കാണിക്കുന്നത്. എല്ലാമാസവും ഇത്തരത്തിലുള്ള പണമിടപാട് നടന്നിട്ടുണ്ട്. പേട്ട പൊലീസ് ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അക്കൗണ്ട് വിവരങ്ങൾ പോലീസിന് കൈമാറിയെന്നും മേഘയുടെ പിതാവ് വ്യക്തമാക്കി.
അതേസമയം, മാർച്ച് 24 നായിരുന്നു മേഘയെ പേട്ടയ്ക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.പത്തനംതിട്ട അതിരുങ്കൽ സ്വദേശി മധുസൂദനന്‍റെയും നിഷയുടെയും ഏക മകളായിരുന്നു മേഘ. 13 മാസം മുൻപാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഐ ബി ഉദ്യോഗസ്ഥിയായി ജോലിയിൽ പ്രവേശിച്ചത്.
മേഘയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. മലപ്പുറം സ്വദേശിയുമായി മേഘയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് തൊട്ടുമുൻപ് ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്നു മേഘയെന്നാണ് ലോക്കോ പൈലറ്റ് നൽകിയ വിവരം. പ്രണയബന്ധത്തിൽ നിന്ന് യുവാവ് പിന്മാറിയതിന്റെ മനോവിഷമത്തിൽ മേഘ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ ജോലി സംബന്ധമായ പരിശീലന കാലത്താണ് ഇയാളുമായി മേഘ പരിചയത്തിലാവുന്നതെന്നും ഇയാളുമായി ഇഷ്ടത്തിലായിരുന്നുവെന്ന് മകൾ വീട്ടിൽ അറിയിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.
Be the first to comment