പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

താമരശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി പിതാവ് മുഹമ്മദ് ഇഖ്ബാൽ. ക്രൂരമായി കൊല ചെയ്തിട്ടും പ്രതികൾ പരീക്ഷ എഴുതാൻ പോയി. ചെറിയ ശിക്ഷ പോലും അവർക്ക് കിട്ടിയില്ല. എൻ്റെകുട്ടിയും പരീക്ഷ എഴുതാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായിരുന്നു, ഒരു രക്ഷിതാവെന്ന നിലയിൽ തനിക്കും കുടുംബത്തിനും മാനസികമായി ബുദ്ധിമുട്ടുണ്ടെന്നും കോടതി ഉചിതമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് ഹർജി നൽകിയതെന്നും ഇഖ്ബാൽ പറഞ്ഞു.

പ്രതികൾ കുറ്റക്കാരാണെന്ന് എല്ലാവര്ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. നമ്മുടെ നിയമങ്ങളിൽ ചെറിയ മാറ്റം വരണം. കുറ്റം ചെയ്താൽ ഇതുപോലെ ശിക്ഷിക്കപ്പെടും എന്ന പേടി കുട്ടികൾക്ക് വേണം. കുട്ടികൾ തെറ്റിലേക്ക് പേകാതിരിക്കാൻ ഇത് പ്രരണയാകണമെന്നും മറ്റൊരു രക്ഷിതാവിന് ഇങ്ങനെ ഒരു വേദന ഉണ്ടാകരുതെന്നും കോടതിയെ വിശ്വസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വൻ സുരക്ഷയോടുകൂടിയാണ് ഷഹബാസിന്റെ കൊലയാളികൾ വെള്ളിമാട് കുന്നിലുള്ള പരീക്ഷ കേന്ദ്രത്തിൽ പരീക്ഷയെഴുതിക്കിയിരുന്നത്. മുൻപ് നിശ്ചയിച്ചിരുന്ന പരീക്ഷാകേന്ദ്രം താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളായിരുന്നു എന്നാൽ പ്രതിഷേധം ഉയർന്നതോടെ പ്രതികളെ വെള്ളിമാട് കുന്നിലെ കേന്ദ്രത്തിൽ പ്രത്യേക സൗകര്യം ഒരുക്കി പരീക്ഷ എഴുതിക്കുകയായിരുന്നു. നേരത്തേ തന്നെ സഹവിദ്യാര്‍ഥികളുടെ രക്ഷിതാക്കളും പ്രതികളെ പരീക്ഷയെഴുതിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് പ്രാവർത്തികമായില്ല.

ഷഹബാസ് മരിച്ചത് നഞ്ചക്ക് കൊണ്ടുള്ള അടിയില്‍ തലയോട്ടി പൊട്ടിയാണ്. പ്രതികളിലൊരാളുടെ വീട്ടില്‍നിന്നാണ് ആയുധം കണ്ടെടുത്തത്. ഒപ്പം നാല് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വധം ആസൂത്രണം ചെയ്തതിന്‍റെ കൂടുതല്‍ തെളിവുകള്‍ ഈ ഫോണുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിയോ സന്ദേശങ്ങളും ചിത്രങ്ങളുമാണ് ഫോണുകളില്‍ നിന്ന് കണ്ടെത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*