ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥൻ അന്തരിച്ചു

ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മങ്കൊമ്പ് എന്ന സ്ഥലത്ത് 1925 ഓഗസ്റ്റ് 7നു ജനിച്ച മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്.സ്വാമിനാഥൻ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്.  

1952 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ജനിതകശാസ്ത്രത്തില്‍ പിഎച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തിന്റെ അതികായനായി. ടൈം മാഗസിന്റെ റിപ്പോർട്ട് അനുസരിച്ച് ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ കാലാവസ്ഥ, മണ്ണ്, വെള്ളത്തിന്റെ ലഭ്യത എന്നിങ്ങനെ നിരവധി ഘടകങ്ങൾ പരിഗണിച്ച് സുസ്ഥിരമായ ഭക്ഷ്യ സുരക്ഷയ്ക്കായി അദ്ദേഹം നിരവധി നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. 1960-70കളിൽ ഇന്ത്യയിലുണ്ടായ ഉണ്ടായ ദ്രുതഗതിയിലുള്ള കാർഷിക പരിവർത്തനത്തിന്റെ നേതൃത്വം വഹിച്ചത് സ്വാമിനാഥനായിരുന്നു. അത്യുല്പാദന ശേഷിയുള്ള വിളകൾ, മെച്ചപ്പെട്ട ജലസേചന രീതികൾ, വിളവ് വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം എന്നിവ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമായിരുന്നു. ഇത്തരം ആധുനിക കാർഷിക സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നതിലും വിജയിക്കുന്നതിലും സ്വാമിനാഥൻ നിർണായക പങ്ക് വഹിച്ചു.

ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയായിരുന്നു എംഎസ് സ്വാമിനാഥന്‍. പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.  ഇന്ത്യന്‍ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനാക്കിയത്.  

1966 ൽ മെക്സിക്കൻ ഗോതമ്പ് ഇനങ്ങൾ ഇന്ത്യൻ സാഹചര്യങ്ങൾക്കുമാറ്റി പഞ്ചാബിലെ പാടശേഖരങ്ങളിൽ അദ്ദേഹം നൂ‍റു മേനി കൊയ്തു.ഇത് അദ്ദേഹത്തെ ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി.  

 

Be the first to comment

Leave a Reply

Your email address will not be published.


*