അമിതമായ ക്ഷീണവും പകല്‍ ഉറക്കം തൂങ്ങുന്ന അവസ്ഥയും അനുഭവപ്പെടുന്നുണ്ടോ? കാരണം ഈ അഞ്ച് രോഗാവസ്ഥകളാകാം

രാത്രി മുഴുവന്‍ ഉറങ്ങുകയും ആവശ്യത്തിന് വിശ്രമം ലഭിക്കുകയുമൊക്കെ ചെയ്താലും പകല്‍ മുഴുവന്‍ ഉറക്കം തൂങ്ങിയും ക്ഷീണിച്ചുമിരിക്കുന്നവരുണ്ട്. ഈ ക്ഷീണം കുറച്ചധികം ദിവസങ്ങള്‍ നീണ്ടു നില്‍ക്കുകയാണെങ്കില്‍ ചില രോഗങ്ങള്‍ സംശയിക്കേണ്ടതുണ്ട്.

ഉറക്ക പ്രശ്‌നങ്ങള്‍

ക്ഷീണത്തിനു പിന്നിലെ പ്രധാന കാരണം ഉറക്കപ്രശ്‌നങ്ങളാണ്. സ്ലീപ് അപ്നിയ, ഇന്‍സോംനിയ, ഉറക്കത്തില്‍ കാല് ചലിപ്പിക്കുന്ന അവസ്ഥ(റസ്റ്റ്‌ലെസ് ലെഗ് സിന്‍ഡ്രോം) എന്നിവയൊക്കെ ശരിയായ ഉറക്കത്തിന് വിഘാതം സൃഷ്ടിക്കുന്നവയാണ്. ഉറക്കത്തിനിടയില്‍ ശ്വാസോച്ഛ്വാസം നിര്‍ത്തുകയും ഉറക്കത്തില്‍ ആരംഭിക്കുകയും ചെയ്യുന്നതാണ് സ്ലീപ് അപ്‌നിയ. ഇത് ഉറക്കമില്ലായ്മയിലേക്ക് നയിക്കും. ഉറക്കത്തിലേക്ക് എത്താന്‍ കഴിയാത്ത അവസ്ഥ എന്നിവ മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേരും ജീവിതത്തിന്‌റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ അനുഭവിക്കുന്നുണ്ട്. ഇത് നീണ്ടുനില്‍ക്കുന്ന ക്ഷീണം സൃഷ്ടിക്കും. ജേണല്‍ സ്ലീപ്പില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് വിട്ടുമാറാത്ത ഉറക്കമില്ലായ്മ വിഷാദം, ഉത്കണ്ഠ, കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഉറക്കത്തിനിടയില്‍ കാല് ചലിപ്പിക്കുന്നത് അസ്വസ്ഥത സൃഷ്ടിക്കുകയും ഉറക്കത്തെ തടസപ്പെടുത്തുകയും ചെയ്യും. ഇത് രാവിലെ ഉറക്കംതൂങ്ങിയിരിക്കുന്നതിനു കാരണമാകും.

അമിത സമ്മര്‍ദം

നമ്മള്‍ സമ്മര്‍ദത്തിലായിരിക്കുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ പുറത്തുവിടുന്നു. ഇത് നമ്മെ കൂടുതല്‍ ജാഗരൂകരാക്കുന്നു. ഇത് വിശ്രമിക്കാന്‍ കഴിയാത്ത അവസ്ഥയും ഗാഢനിദ്രയ്ക്ക് തടസവും ഉണ്ടാക്കുന്നു. സമ്മര്‍ദം ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന ഉറക്ക പ്രശ്‌നങ്ങളും വിട്ടുമാറാത്ത ക്ഷീണവും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ പറയുന്നു. 2017-ല്‍ ജേണല്‍ സ്ലീപ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ഉയര്‍ന്ന സമ്മര്‍ദം ഇന്‍സോംനിയ, സ്ലീപ് ഫ്രാഗ്മെന്‌റേഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതായത് നമുക്ക് ഉറങ്ങാന്‍ സാധിച്ചാലും ആവശ്യത്തിന് വിശ്രമം ലഭിക്കണമെന്നില്ല. ഇത് ക്ഷീണത്തിലേക്കു നയിക്കും.

അയണിന്‌റെ കുറവ്

ശരീരത്തിലുടനീളം ഓക്‌സിജന്‍ എത്തിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത് അയണാണ്. ശരീരത്തില്‍ ഇരുമ്പിന്‌റെ അഭാവം ഉണ്ടാകുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഹീമോഗ്ലോബിന്‍ ഉല്‍പാദിപ്പിക്കാന്‍ സാധിക്കാതെ വരും. അതായത് നമ്മുടെ മാംസപേശികള്‍ക്കും കലകള്‍ക്കും ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കില്ല. ഇത് ക്ഷീണത്തിലേക്കും ബലമില്ലായ്മയിലേക്കും നയിക്കും. ഇരുമ്പിന്‌റെ അഭാവം കാരണമുണ്ടാകുന്ന വിളര്‍ച്ച(അനീമിയ) സ്ത്രീകളിലെ ക്ഷീണത്തിന്‌റെ പ്രധാന കാരണമാണ്. സ്ത്രീകളിലെ ഇരുമ്പിന്‌റെ അളവ് കൂടുമ്പോള്‍ അനീമിയ കാരണമുണ്ടാകുന്ന ക്ഷീണം മാറാറുണ്ടെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ബാക്ടീരിയല്‍ വൈറല്‍ അണുബാധ

ശരീരം അണുബാധയോട് പൊരുതുമ്പോഴും ഉറക്കം നഷ്ടപ്പെടാം. ചില ബാക്ടീരിയല്‍ അണുബാധകള്‍ നീണ്ടുനില്‍ക്കുന്ന ക്ഷീണം ഉണ്ടാക്കാം. മറ്റ് ലക്ഷണങ്ങളൊന്നും പ്രകടമാകണമെന്നുമില്ല. ടിക്കുകളിലൂടെ പകരുന്ന ലൈം ഡിസീസ് എന്ന ബാക്ടീരിയല്‍ അണുബാധ രോഗം ചികിത്സിച്ചു ഭേദമാക്കിയാല്‍പ്പോലും അമിതമായ ക്ഷീണം സൃഷ്ടിക്കുന്നുണ്ട്. ലൈം ഡിസീസ് രോഗികളായ നിരവധി പേരില്‍ മാസങ്ങളോ വര്‍ഷങ്ങളോ ആയി തുടരുന്ന ക്ഷീണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി ജേണല്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഹൈപ്പോതൈറോയ്ഡിസം

ഉപാപചയ പ്രവര്‍ത്തനങ്ങല്‍ നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡ് ഗ്രന്ഥി പ്രാധാന്യമര്‍ഹിക്കുന്നു. തൈറോയ്ഡിന്‌റെ അളവ് കുറയുന്നത് ആക്ടീവ് അല്ലാതാകാനും ഹൈപ്പോതൈറോയ്ഡിസത്തിനും കാരണമാകുന്നു. ഇത് അമിതക്ഷീണത്തിലേക്കു നയിക്കാം. എനെര്‍ജി ലെവല്‍, ഉറക്കം നിയന്ത്രിക്കല്‍ ഉള്‍പ്പെടെ ശരീരത്തിന്‌റെ പ്രധാന പ്രവര്‍ത്തനങ്ങളെയെല്ലാം തൈറോയ്ഡ് ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണ്‍ സ്വാധീനിക്കുന്നുണ്ട്. ക്ഷീണം, ശരീരഭാരം കൂടുക തുടങ്ങിവയൊക്കെ ഹൈപ്പോതൈറോയ്ഡിസത്തിന്‌റെ ലക്ഷണമാണ്. രക്തപരിശോധനയിലൂടെ ഹൈപ്പോതൈറോയ്ഡിസം കണ്ടെത്താനാകും.

 

Be the first to comment

Leave a Reply

Your email address will not be published.


*