നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ രമേശ് നാരായൺ അപമാനിച്ചുവെന്ന ആരോപണത്തിൽ ; രമേശ്‌ നാരായണിനോട് വിശദീകരണം തേടി ഫെഫ്ക

നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ രമേശ് നാരായൺ അപമാനിച്ചുവെന്ന ആരോപണത്തിൽ പ്രതികരണവുമായി ഫെഫ്ക. രമേശ്‌ നാരായണിനോട് ഫെഫ്ക വിശദീകരണം തേടി. മ്യൂസിക് യൂണിയൻ ജനറൽ സെക്രട്ടറിയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. രമേശ്‌ നാരായണിന് വീഴ്ച സംഭവിച്ചു. അദ്ദേഹം പക്വതയില്ലായ്മയാണ് കാണിച്ചത്. പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നുവെന്നും ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.

രമേശ്‌ നാരായണിന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. എന്നാൽ ആസിഫിനോടല്ല അത് കാണിക്കേണ്ടത്. വിവാദമായതോടെ രമേശ്‌ നാരായണ്‍ മാപ്പ് പറഞ്ഞത് മാതൃകാപരമാണ് എന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു. വിഷയത്തിൽ ആസിഫ് അലിയുമായി സംസാരിച്ചതായി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതൊന്നും സീരിയസ് ആയി കാണുന്നില്ല എന്നാണ് ആസിഫ് പറഞ്ഞത്. ആസിഫിനേയും അമ്മ നേതൃത്വത്തെയും ഖേദം അറിയിച്ചിട്ടുണ്ട്. വിവാദം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം എം ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജിയുടെ ട്രെയ്‍ലർ ലോഞ്ചിനിടെയായിരുന്നു സംഭവമുണ്ടായത്. ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്കാരം നല്‍കുകയും ചെയ്തു. എന്നാൽ താല്‍പ്പര്യമില്ലാതെ, ആസിഫിന്‍റെ മുഖത്ത് പോലും നോക്കാതെ പുരസ്കാരം വാങ്ങി സംവിധായകൻ ജയരാജനെ വേദിയിൽ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്ത് പുരസ്കാരം രണ്ടാമതും ഏറ്റുവാങ്ങുകയാണ് ചെയ്തത്.

Be the first to comment

Leave a Reply

Your email address will not be published.


*