കോട്ടയം: പതിനൊന്ന് ഒളിമ്പ്യൻമാർ ഉൾപ്പെടെ നിരവധി കായിക താരങ്ങളെ സംഭാവന ചെയ്ത മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് രാജ്യാന്തര നിലവാരത്തിലുള്ള ഫുട്ബോൾ കോർട്ട് സ്വന്തമാകുന്നു. സംസ്ഥാന സർക്കാരിൻറെ നാലാം നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 2.74 കോടി രൂപ ചിലവിട്ട് സർവകലാശാലാ സ്റ്റേഡിയത്തിൽ നിർമിച്ച നാച്വറൽ ടർഫ് ഫ്ളഡ്ലിറ്റ് കോർട്ട് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഒക്ടോബർ 22ന് ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ 22ന് രാവിലെ 10.30ന് സ്റ്റേഡിയത്തിൽ ശിലാഫലകം അനാച്ഛാദനം ചെയ്യുന്ന മന്ത്രി തുടർന്ന് സർവകലാശാലാ അസംബ്ലി ഹാളിൽ ചേരുന്ന പൊതുസമ്മേളനത്തിൻറെ ഉദ്ഘാടനം നിർവഹിക്കും. സഹകരണ, ദേവസ്വം, തുറമുഖ വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യ പ്രഭാഷണം നടത്തും. വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ, സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, അഡ്വ. റെജി സക്കറിയ, ഡോ. ബിജു തോമസ് രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിക്കും. സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻറ് സ്പോർട്സ് മേധാവി ഡോ. ബിനു ജോർജ് വർഗീസ് റിപ്പോർട്ട് അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്യ രാജൻ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജോസഫ് അമ്പലക്കുളം, ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിംസ് കുര്യൻ, ഗ്രാമപഞ്ചായത്തംഗം ജോഷി ഇലഞ്ഞിയിൽ തുടങ്ങിയവർ പങ്കെടുക്കും. സ്പെയിനിൽ നടന്ന ലോക യൂണിവേഴ്സിറ്റി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഇന്ത്യൻ, പുരുഷ, വനിതാ ടീമുകളിൽ അംഗങ്ങളായിരുന്ന മഹാത്മാ ഗാന്ധി സർവകലാശാലയിലെ താരങ്ങളെയും പരിശീലകരെയും മാനേജരെയും ഇതോടനുബന്ധിച്ച് അനുമോദിക്കും.
പ്രവർത്തനമാരംഭിച്ച 1983 മുതൽ കായിക മേഖലയിൽ സർവകലാശാല നിലനിർത്തുന്ന മികവിനുള്ള അംഗീകാരമെന്നോണം സംസ്ഥാന സർക്കാർ കായിക അടിസ്ഥാന സൗകര്യ വികസനത്തിന് വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിവരികയാണെന്ന് വൈസ് ചാൻസലർ പറഞ്ഞു. അണ്ടർഗ്രൗണ്ട് സ്പ്രിംഗ്ലർ, ഡ്രെയിനേജ് സംവിധാനങ്ങളോടെ നിർമ്മിച്ച 105 മീറ്റർ നീളവും 65 മീറ്റർ വീതിയുമുള്ള ഫുട്ബോൾ കോർട്ട് രാജ്യാന്തര ഫുട്ബോൾ മത്സരങ്ങൾ വരെ നടത്താൻ പര്യാപ്തമാണ്. സ്പോർട്‌സ് കേരള ഫൗണ്ടേഷനാണ് നിർമാണം നിർവ്വഹിച്ചത്.
സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽനിന്ന് 57 കോടി രൂപ ചിലവിട്ട് സർവകലാശാലാ സ്റ്റേഡിയത്തിൽ നിർമിക്കുന്ന സ്പോർട്‌സ് കോംപ്ലക്സ് ഉൾപ്പെടെയുള്ള വികസന പദ്ധതികൾകൂടി പൂർത്തിയാകുന്നതോടെ ഇവിടം സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക കേന്ദ്രങ്ങളിലൊന്നായി മാറുമെന്നും കോട്ടയം ജില്ലയിലും സംസ്ഥാനത്ത് പൊതുവിലുമുള്ള കായിക വളർച്ചയ്ക്ക് ഊർജ്ജം പകരാൻ ഈ കേന്ദ്രത്തിന് സാധിക്കുമെന്നും ഡോ. അരവിന്ദകുമാർ വ്യക്തമാക്കി. സർവകലാശാലാ സിൻഡിക്കേറ്റ് അംഗം ഡോ. കെ.ആർ. ബൈജു, രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ, സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻറ് സ്പോർട്സ് സയൻസസ് മേധാവി ഡോ. ബിനു ജോർജ് വർഗീസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Be the first to comment