മോശം അനുഭവമുണ്ടായ സ്ത്രീകള്‍ പരാതി നല്‍കി പുറത്തു വരണമെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍

മോശം അനുഭവമുണ്ടായ സ്ത്രീകള്‍ പരാതി നല്‍കി പുറത്തു വരണമെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍. സ്ത്രീകള്‍ പരാതി നല്‍കി മറഞ്ഞിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചലച്ചിത്ര അക്കാദമി ചെയര്‍മാനെ തീരുമാനിക്കുന്നതില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും പ്രേംകുമാര്‍ വ്യക്തമാക്കി. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്.

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രഞ്ജിത്ത് രാജി വെക്കുന്നതാണ് നല്ലതെന്നായിരുന്നു എല്‍ഡിഎഫില്‍ നിന്നുള്ള ഒരു വിഭാഗത്തിന്റെ നിലപാട്. ഇതിനു പിന്നാലെയാണ് രഞ്ജിത്ത് രാജി വെക്കാന്‍ നിര്‍ബന്ധിതനായത്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍.

പിന്നാലെ രഞ്ജിത്തിനെതിരെ പ്രതിഷേധം വ്യാപകമാവുകയായിരുന്നു. അതേസമയം, രഞ്ജിത്തിന്റ രാജിയില്‍ തനിക്ക് സന്തോഷം ഇല്ലെന്നും തന്റെ വെളിപ്പെടുത്തല്‍ കാര്യങ്ങള്‍ ജനങ്ങളറിയാന്‍ വേണ്ടിയായിരുന്നുവെന്നും നടി പ്രതികരിച്ചു. രഞ്ജിത്ത് ലൈംഗികമായി തന്നെ പീഡിപ്പിച്ചിട്ടില്ല, തന്നെ പരീക്ഷിക്കുകയായിരുന്നു. തന്റെ പ്രതികരണം എങ്ങനെ എന്നറിയാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*