സിനിമ നയ രൂപീകരണ സമിതിയുടെ പുനഃസംഘടനയിൽ ചലച്ചിത്ര സംഘടനകൾക്ക് കടുത്ത അതൃപ്‌തി. സിനിമ സംഘടനകളെയും, സിനിമ പ്രവർത്തകരെയും സമിതിയിൽ ഉൾക്കൊള്ളിക്കാത്തതിലാണ് പ്രതിഷേധം. നിർമ്മാതാക്കളുടെ സംഘടനയും ഫിലിം ചേംബറും മാക്ടയും വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
സമിതി രൂപീകരിച്ചപ്പോൾ തന്നെ സിനിമാ സംഘടനകൾ എതിർപ്പ് വ്യക്തമാക്കിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ആരും സമിതിയില്ലെന്നായിരുന്നു വിമർശനം. സിനിമ മന്ത്രിക്കും സമിതി ചെയർമാനും ഇത് സംബന്ധിച്ച് കത്തും നൽകി. പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പും ലഭിച്ചു. മുകേഷിന്റെ ഒഴിവാക്കലിനും ബി ഉണ്ണികൃഷ്ണന്റെ രാജിക്കും പിന്നാലെ നടത്തിയ പുനസംഘടനയിലും സിനിമ പ്രവർത്തകരെ ഉൾപ്പെടുത്തിയില്ല.
സർക്കാർ പ്രതിനിധികളാണ് ഏറെയും. ഇതോടെയാണ് സംഘടനകൾ മുഖ്യമന്ത്രിയെ സമീപിച്ചത്. നിർമാതാക്കളുടെ സംഘടനയുമായി ബന്ധമില്ലാത്ത ആളെയാണ് പ്രതിനിധിയായി പരിഗണിച്ചതെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആരോപണം.
ബി ഉണ്ണികൃഷ്ണന്റെ ഒഴിവിലേക്ക് ഫെഫ്ക പ്രതിനിധികൾക്കും പരിഗണന നൽകിയില്ല . സിനിമയെക്കുറിച്ച് അറിയാത്തവരെ നയരൂപീകരണ സമിതിയിൽ ഉൾക്കൊള്ളിച്ചിട്ട് എന്ത് കാര്യം എന്നാണ് സംഘടനകളുടെ ചോദ്യം.
Be the first to comment