എസ്എന്‍സി ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അന്തിമവാദം ഇന്നും തുടങ്ങിയില്ല

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അന്തിമവാദം ഇന്നും തുടങ്ങിയില്ല. ജഡ്ജിമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചില്‍ 110ാം നമ്പര്‍ കേസായിട്ടായിരുന്നു ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ മറ്റൊരു കേസിൻ്റെ വാദം തുടരുന്നതിനാല്‍ ലാവലിൻ അടക്കമുള്ള കേസുകള്‍ പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.

പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള അപ്പീലാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. 2018 മുതല്‍ ഇത് 32ആം തവണയാണ് അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. കാനഡയിലെ എസ്എന്‍സി ലാവലിൻ കമ്പനിയുമായുള്ള കരാര്‍ വഴി 86.25 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐയുടെ വാദം. എസ്എന്‍സി ലാവലിൻ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള ഏഴ് പേരെയാണ് 2013 നവംബറില്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ഒഴിവാക്കിയത്. ഈ വിധി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*