ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയാ കേസെടുക്കാമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയാ കേസെടുക്കാമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. പരാതി നൽകാതെ കേസെടുക്കാനാകില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ തിരുത്തിയാണ് ബാല​ഗോപാലിന്റെ പ്രതികരണം. സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണോ എന്നത് സാങ്കേതികത്വം മാത്രമാണ്. സ്വമേധയാ കേസ് എടുക്കുന്നതിന് നിയമ തടസമില്ല. പരിഷ്കരിച്ച നിയമങ്ങൾ നിലവിലുണ്ടന്നും പരാതി ലഭിച്ചിട്ടോ അല്ലാതെയോ കേസെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന രേഖയാണ് പോലീസിന് ലഭിച്ചതെന്നായിരുന്നു റിപ്പോ‌‍ർട്ടിൽ കേസെടുക്കുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. കേസ് എടുത്ത് അന്വേഷണം നടത്തണം എന്ന് ശുപാർശ ചെയ്തിട്ടില്ല, മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും പറഞ്ഞിട്ടുണ്ട്. കമ്മിറ്റിക്ക് മൊഴി നൽകിയ ഏത് സ്ത്രീ പരാതിയുമായി വന്നാലും ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

മൊഴി പ്രസിദ്ധീകരിക്കണം എന്ന കോടതി തീരുമാനം വന്നാല്‍ മാത്രമേ കേസ് എടുക്കാന്‍ കഴിയുവെന്നും നിലവിലെ റിപ്പോര്‍ട്ട് പ്രകാരം കേസ് എടുക്കുന്നതിന് നിയമ തടസ്സമുണ്ടെന്നും മുൻ മന്ത്രി എ കെ ബാലനും പ്രതികരിച്ചിരുന്നു. മൊഴി തന്നവരുടെ സ്വകാര്യത ഉറപ്പ് വരുത്തണമെന്നത് ഹേമ കമ്മിറ്റിയുടെ ആവശ്യമായിരുന്നെന്നും കിട്ടിയ മൊഴികള്‍ പ്രകാരം നിയമനടപടി വേണമെന്ന് ഹേമ കമ്മിറ്റിക്ക് ആവശ്യപ്പെടാമെന്നും എ കെ ബാലന്‍ പറഞ്ഞിരുന്നു.

2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേര്‍ഡ്) അധ്യക്ഷയായി മുന്‍ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിര്‍ന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയില്‍ ആദ്യമായായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*