കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 100 കോടി രൂപ കൂടി അനുവദിച്ചെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രണ്ടുവർഷത്തിൽ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ്‌  പദ്ധതിയിലൂടെ ഉറപ്പാക്കിയത്‌. 12.5 ലക്ഷത്തോളം പേർക്കാണ്‌ മികച്ച ചികിത്സ ലഭ്യമാക്കിയതെന്നും ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ മന്ത്രി വിശദീകരിച്ചു.

കാസ്‌പിൽ സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ 41.96 ലക്ഷം കുടുംബങ്ങള്‍ ഉൾപ്പെടുന്നുണ്ട്. കുടുംബത്തിന്‌ ആശുപത്രി ചികിത്സക്കായി പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയാണ് നല്‍കുന്നത്. ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും. കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ ഒന്നും സഹായത്തിന്‌ പരിഗണിക്കുന്നതിന്‌ തടസമാകില്ല. ഒരു കുടുംബത്തിലെ എല്ലാവർക്കും പദ്ധതി സഹായത്തിന്‌ അർഹതയുണ്ട്‌. അംഗമാകുന്ന ഏതൊരു വ്യക്തിക്കും മുന്‍ഗണനാ മാനദണ്ഡങ്ങളില്ലാതെ ചികിത്സാ സഹായം ലഭ്യമാകുന്നുവെന്നതും പ്രത്യേകതയാണെന്നും  മന്ത്രി പറഞ്ഞു. 

Be the first to comment

Leave a Reply

Your email address will not be published.


*