ഫണ്ട് കിട്ടാതെ വന്നിട്ടുണ്ടൈങ്കില്‍ അത് നിര്‍ദേശം പാലിക്കാഞ്ഞിട്ട്; നെല്ലിന്റെ പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് കേന്ദ്ര ധനമന്ത്രി

തിരുവനന്തപുരം: കുട്ടനാട്ടിലെ കർഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സർക്കാരാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സംഭരിച്ച നെല്ലിന്റെ പണം നൽകേണ്ടത് സംസ്ഥാന സർക്കാരാണെന്നും അത് നേരിട്ട് അക്കൗണ്ടിൽ ഇട്ടുനൽകണമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേളയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.

ധനകാര്യ കമ്മീഷൻ നിർദേശം പാലിച്ചവർക്ക് കൃത്യമായി ഗ്രാന്റ് നൽകിയിട്ടുണ്ട്. കേരളത്തിന് കിട്ടാതെ വന്നിട്ടുണ്ടെങ്കിൽ അത് നിർദേശം പാലിക്കാഞ്ഞിട്ടാകുമെന്നും നിർമ്മല പറഞ്ഞു. കേന്ദ്ര ഫണ്ട് സംബന്ധിച്ച് സംസ്ഥാനത്ത് വ്യാപകമായി തെറ്റായ പ്രചാരണമാണ് നടക്കുന്നത്. വിധവ, വാർധക്യകാല പെൻഷൻ തുക നൽകുന്നില്ലെന്നാണ് അതിലൊന്ന്. എന്നാൽ ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും കേന്ദ്രം ഫണ്ട് നൽകിയിട്ടുണ്ട്. അതിനുശേഷം ഒരു ഒരു അപേക്ഷയും സംസ്ഥാനം നൽകിയിട്ടില്ലെന്നും നിർമ്മല പറഞ്ഞു.

സംസ്ഥാനങ്ങളുടെ കേന്ദ്രവിഹിതം സംബന്ധിച്ച് കൃത്യമായ പ്രൊപ്പോസൽ സമർപ്പിക്കാൻ സംസ്ഥാന ധനവകുപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകാൻ തയ്യാറായില്ല. കൂടാതെ കേന്ദ്രവിഹിതം ലഭിച്ച ശേഷം കേരളം പദ്ധതികളുടെ പേര് മാറ്റുന്നതായും നിർമ്മല പറഞ്ഞു. ഏജി വഴി കൃത്യമായ കണക്കുകൾ എത്തിയാൽ മാത്രമെ സംസ്ഥാനത്തിന് ജിഎസ്ടി നഷ്ടപരിഹാരം നൽകാൻ സാധിക്കുകയുള്ളുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*