സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസും നികുതിയും കുറയ്ക്കാതെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി വര്‍ധനവില്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്നും മറുപടി പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. ഭരണപക്ഷത്തിന്റെ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യുഡിഎഫ് അംഗങ്ങള്‍ സഭ വിട്ടു. ഇതോടെ ഇന്ധന സെസ് രണ്ട് രൂപ കൂട്ടിയതും ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചതും അടക്കം എല്ലാ നികുതി വര്‍ധനവും ഇതോടെ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരും.
പെട്രോള്‍ വില വര്‍ധന പ്രത്യേക ഫണ്ടെന്ന നിലയിലാണ്. കേന്ദ്രം പെട്രോള്‍ വിലയില്‍ 20 രൂപ എടുക്കുന്നു. പ്രത്യേക സാഹചര്യത്തില്‍ പിരിക്കാം എന്ന ന്യായം വെച്ച് 7500 കോടി കേന്ദ്രം ഇന്ധനത്തില്‍ പിരിക്കുന്നു. സംസ്ഥാനം കൂട്ടിയപ്പോള്‍ വലിയ പ്രതിഷേധം നടക്കുന്നു. ഇങ്ങിനെ പ്രതിഷേധം സെസില്‍ വേണോ. വണ്ടി കത്തിച്ചത് ഒഴിവാക്കാമായിരുന്നു. നികുതി അസാമാന്യ ഭാരം അല്ലെന്നും മന്ത്രി പറഞ്ഞു. മദ്യ വില വര്‍ധനയിലും മന്ത്രി പ്രതികരിച്ചു. മദ്യവില കഴിഞ്ഞ 2 വര്‍ഷമായി കൂട്ടിയിട്ടില്ല. 500 രൂപയ്ക്ക് മുകളില്‍ 20 രൂപയും 1000 രൂപയ്ക്ക് മുകളില്‍ 40 രൂപയുമാണ് കൂട്ടിയത്. ആകെ വില്‍ക്കുന്ന നല്ലൊരു ഭാഗവും 500ന് താഴെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി സര്‍ക്കാരിന് അഹങ്കാരമല്ല, ജനഹിത കാര്യങ്ങള്‍ ചെയ്യാനുള്ള താല്‍പര്യമാണുള്ളത്. കാടു കാണാതെ മരം മാത്രം കാണുകയാണ് വിമര്‍ശകര്‍. കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ല. സബ്‌സിഡികള്‍ ഒന്നൊന്നായി വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. പൊതുമേഖല വിറ്റുതുലയ്ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment