
കൊച്ചി: കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് ലിമിറ്റഡ് (സിഎംആര്‍എല്‍) നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള വ്യക്തികളുടെ പേരുകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കേരള ഹൈക്കോടതി. മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
ജസ്റ്റിസുമാരായ അമിത് റാവല്‍, പി എം മനോജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിഎംആര്‍എല്‍ വിവിധ വ്യക്തികള്‍ക്ക് വിതരണം ചെയ്തതായി ആരോപിക്കപ്പെടുന്ന ഫണ്ടുകളുടെ മുഴുവന്‍ വ്യാപ്തിയും പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി എം ആര്‍ അജയന്‍ ആണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റിനായുള്ള ഇടക്കാല ബോര്‍ഡ് CMRL-ല്‍ നിന്ന് പണം സ്വീകരിച്ച നിരവധി വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും, സിബിഐ പോലുള്ള ഒരു കേന്ദ്ര ഏജന്‍സിക്ക് മാത്രമേ നിഷ്പക്ഷവും വിശദവുമായ അന്വേഷണം നടത്താന്‍ കഴിയൂ എന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) നടത്തിയ അന്വേഷണത്തില്‍ മകള്‍ വീണയെ പ്രതി ചേര്‍ത്തതിന്റെ വെളിച്ചത്തില്‍, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പിണറായി വിജയന്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ ഇതിനകം അന്വേഷണം നടത്തിയിട്ടുണ്ടെന്നും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ക്ക് നോട്ടീസ് അയയ്ക്കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികളില്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നേരത്തെ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ററിം ബോര്‍ഡ് ഫോര്‍ സെറ്റില്‍മെന്റ് ഓഫ് ഇന്‍കം ടാക്‌സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പേരുകളുടെ പട്ടിക നിലവിലുണ്ടോ എന്ന് കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു. റിപ്പോര്‍ട്ടും പേരുകളുടെ പട്ടികയും മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ തൈക്കണ്ടിയിലും ഉള്‍പ്പെടെ 19 പ്രതികള്‍ക്ക് അവരുടെ ഭാഗം കേള്‍ക്കാന്‍ നോട്ടീസ് അയയ്ക്കാനും കോടതി തീരുമാനിച്ചു. പിവി, ഒസി, ആര്‍സി, കെകെ, ഐകെ എന്നിങ്ങനെ ചുരുക്കപ്പേരിലുള്ള നേതാക്കള്‍ക്ക് പണം നല്‍കിയതായുള്ള രേഖ നേരത്തെ പുറത്തുവന്നിരുന്നു.
Be the first to comment