സിനിമകൾ നിർമിക്കാൻ പണം വാങ്ങി വഞ്ചിച്ചെന്ന കേസിൽ കോയമ്പത്തൂരിലെ ജയിലിൽ കഴിയുന്ന പ്രശസ്‌ത സിനിമാ നിർമാതാവ് ജോണി സാഗരിഗയുടെ ജാമ്യാപേക്ഷ കോയമ്പത്തൂർ കോടതി വീണ്ടും തള്ളി. ഒരു മാസമായി കോയമ്പത്തൂർ ജയിലിൽ റിമാൻഡിലുള്ള ജോണി സാഗരിക സമർപ്പിച്ച മൂന്നാമത് ജാമ്യാപേക്ഷയാണ് കോയമ്പത്തൂർ കോടതി ചൊവ്വാഴ്‌ച തള്ളിയത്. ഇനി തമിഴ്നാട് ഹൈക്കോടതിയിൽ അപേക്ഷ നൽകി പകുതി തുക കെട്ടിവച്ചശേഷമേ ജാമ്യാപേക്ഷ നൽകാനാകൂ.
സിനിമ നിർമാണത്തിൽ പങ്കാളിയാക്കാമെന്ന വ്യാജേന കോയമ്പത്തൂർ സ്വദേശിയായ ദ്വാരക് ഉദയകുമാറിൽനിന്ന് 2.75 കോടി രൂപ വാങ്ങിയെന്നാണ് കേസ്. തൃശൂരിലും സമാനമായ കേസുണ്ട്. സിനിമ നിർമിച്ച് ലാഭവിഹിതം നൽകാമെന്നുപറഞ്ഞ് തൃശൂർ സ്വദേശി ജിൻസ് തോമസിൽനിന്ന് രണ്ടുകോടി രൂപ വാങ്ങി, വണ്ടിച്ചെക്ക് നൽകിയെന്നാണ് കേസ്. ചെക്ക് മടങ്ങിയപ്പോൾ, ജോണി സാഗരിഗയെ നേരിലും ഫോൺ മുഖേനയും ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടന്നില്ല. അതോടെയാണ് കേസ് നൽകിയതെന്ന് ജിൻസ് തോമസ് പറയുന്നു.
ഈ കേസിൽ തൃശൂരിലെ സിജെഎം കോടതി, 40 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്‌ക്കണമെന്ന് ഉത്തരവിട്ടെങ്കിലും ജോണി സാഗരിഗ തയ്യാറായില്ല. സിനിമ നിർമാതാക്കളുടെ സംഘടനാ ഭാരവാഹികൾ ഇടപെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും കേസുകളുടെ എണ്ണം കൂടിയതോടെ അവർ പിൻവാങ്ങി. ദ്വാരക്, ജിൻസ് എന്നിവരിൽനിന്ന് കൂടാതെ, കെഎസ്‌എഫ്‌ഇയിൽനിന്ന് ചിട്ടി വിളിച്ച തുകയിൽ ലക്ഷങ്ങൾ ബാക്കി അടയ്‌ക്കാനുണ്ട്. ഈ ഇടപാടിൽ ഈടായി നൽകിയത് തന്റെ ഭൂമിയുടെ ആധാരമാണെന്ന് ജിൻസ് തോമസ് പറയുന്നു.
അഞ്ചു സിനിമകളുടെ നിർമാണത്തിൽ പങ്കാളിയാക്കുമെന്ന വാഗ്‌ദാനത്തിലാണ് ദ്വാരക് ഉദയകുമാറും ജിൻസ് തോമസും ജോണിക്കൊപ്പം ചേർന്ന് പണം മുടക്കിയത്. 2.75 കോടി നൽകിയ ദ്വാരകിന് സിനിമയുടെ അവകാശം എഴുതി നൽകിയിരുന്നു.
Be the first to comment