യുപിയിലെ ആശുപത്രിയിലും തീപിടിത്തം; 15 കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ആശുപത്രിയിൽ തീപിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. ബറൗത്ത് പട്ടണത്തിലെ ആസ്ത ആശുപത്രിയുടെ മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ ഫയർ സേഫ്റ്റി ജീവനക്കാരുടെയും ഡോക്ടർമാരുടെയും സമയോചിതമായ ഇടപെടൽ മൂലം 15 കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കാനായി.

തീപിടിത്തത്തിനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലർച്ചെ 4:30 ഓടെ തീപിടിത്തം ഉണ്ടായതായി വിവരം ലഭിച്ചെന്ന് ശിശു സംരക്ഷണ വിഭാഗത്തിലെ ഡോക്ടർ അഭിനവ് തോമർ പറഞ്ഞു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. പോലീസും ഫയർഫോഴ്സും അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഏഴു നവജാത ശിശുക്കളാണ് വെന്തു മരിച്ചത്. ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായിരുന്നു അപകട കാരണം. ശനിയാഴ്ച രാത്രി 11.30നായിരുന്നു അപകടം. അപകടം നടക്കുന്ന സമയത്ത് 12 നവജാത ശിശുക്കളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ അഞ്ച് കുട്ടികളെ രക്ഷപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*