തിരുവനന്തപുരം: പി എസ് സി ഓഫീസിലേക്ക് അഭിമുഖത്തിന് പോകുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ യുവതിക്ക് അഗ്നി രക്ഷാസേനയുടെ കൈത്താങ്ങ്. അപകടസ്ഥലത്തു നിന്ന് ആശുപത്രിയിലും അവിടെനിന്ന് മിനിട്ടുകൾക്കുള്ളിൽ പിഎസ് സി ഓഫീസിലും ആംബുലൻസിൽ തന്നെ എത്തിക്കുകയായിരുന്നു. ഇതോടെ കൃത്യസമയത്തു തന്നെ യുവതിക്ക് അഭിമുഖത്തിന് ഹാജരാകാനായി. നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശി ഗ്രീഷ്മയ്ക്ക് വെള്ളിയാഴ്ച രാവിലെ മ്യൂസിയം വകുപ്പിലെ ബയോളജിസ്റ്റ് തസ്തികയിലേക്ക് അഭിമുഖമുണ്ടായിരുന്നു.
പട്ടം പി എസ് സി ആസ്ഥാനത്തേക്ക് സ്കൂട്ടറിൽ പോകുമ്പോഴാണ് ഹൗസിങ് ബോർഡ് ജങ്ഷനിൽെ വച്ച് കാറുമായി കൂട്ടിയിടിച്ച് പരിക്കു പറ്റിയത്. അഗ്നിരക്ഷാസേനയുടെ ആംബുംലൻസിലാണ് ജനറൽ ആശുപത്രിയിലെത്തിച്ചത്. പരിക്ക് സാരമുള്ളതായിരുന്നില്ല. അപ്പോഴാണ് യുവതി അഭിമുഖത്തിനു പോയതാണെന്ന് ഉദ്യോഗസ്ഥർ അറിഞ്ഞത്. 9.45 നായിരുന്നു റിപ്പോർട്ടിങ് സമയം.
കഷ്ടിച്ച് അഞ്ച് മിനിറ്റ് മാത്രമേ അപ്പോൾ ബാക്കിയുണ്ടായിരുന്നുള്ളൂ. കാലിനു പരിക്കുപറ്റിയതു കാരണം ഗ്രീഷ്മയ്ക്കു നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ജോലിക്കാര്യമായതിനാൽ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ തന്നെ ഗ്രീഷ്മയെ പി എസ് സി ഓഫീസിൽ എത്തിക്കുകയായിരുന്നു.
Be the first to comment