കോഴിക്കോട്: സ്‌റ്റീൽ പാത്രം തലയിൽ കുടുങ്ങിയ രണ്ടര വയസുകാരിക്ക് രക്ഷകരായി മുക്കം അഗ്നി രക്ഷാസേന. അടുക്കളയിൽ കളിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ സ്‌റ്റീൽ പാത്രം കുട്ടിയുടെ തലയിൽ കുടുങ്ങിയത്.
അടിവാരം സ്വദേശി കൂളമടത്ത് പുളിക്കൽ ജംഷീദിന്‍റെ മകൾ അസാ സഹറയുടെ തലയിലാണ് സ്‌റ്റീൽ പാത്രം കുടുങ്ങിയത്. പാത്രത്തിൽ നിന്ന് കുഞ്ഞിന്‍റെ തല പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ വീട്ടുകാർ മുക്കം ഫയർഫോഴ്‌സിന്‍റെ സഹായം തേടി അഗ്നിരക്ഷ നിലയത്തിലേക്ക് എത്തുകയായിരുന്നു. സ്‌റ്റേഷൻ ഓഫിസർ എം അബ്‌ദുൽ ഗഫൂറിന്‍റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളാണ് ഷിയേഴ്‌സ്, കട്ടർ എന്നിവ ഉപയോഗിച്ച് സൂക്ഷ്‌മമായി പാത്രം മുറിച്ചുമാറ്റി കുട്ടിയുടെ തല പുറത്തെടുത്തത്.
കുഞ്ഞിന് യാതൊരു പരിക്കുമേൽക്കാതെ രക്ഷപ്പെടുത്താനായത് കുഞ്ഞിനും രക്ഷിതാക്കൾക്കും ആശ്വാസമായി. സീനിയർ ഫയർ ഓഫിസർ എൻ രാജേഷ്, സേനാംഗങ്ങളായ പിടി ശ്രീജേഷ്, എംസി സജിത്ത് ലാൽ, എഎസ് പ്രദീപ്, വി സലീം, പി നിയാസ്, വൈപി ഷറഫുദ്ധീൻ എന്നിവർ ചേർന്നാണ് കലം മുറിച്ചുമാറ്റി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
Be the first to comment